തിരുവനന്തപുരം- സ്വർണക്കടത്ത് കേസ് പ്രതികളെ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ധാർമ്മിക ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് തെളിഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വന്തം ഓഫീസ് പോലും നേരേ ചൊവ്വേ നടത്താനാകാത്തയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വർഷമായി ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഐടി ഫെല്ലോ ആയിരുന്ന അരുൺ ബാലചന്ദ്രൻ രണ്ട് വർഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്. ഒന്നും അറിയില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. രാജ്യദ്രോഹം നടത്തുന്ന ആളുകളെ സഹായിക്കുകയും അവർക്ക് സർക്കാർ വാഹനം വരെ കള്ളക്കടത്തിനു വേണ്ടി ഒരുക്കിക്കൊടുക്കുന്നതിനായി പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസായി മാറുമ്പോൾ അതിന്റെ ഗൗരവം കൂടുകയാണ്.
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. മുഖ്യമന്ത്രി നല്ല ഭരണാധികാരിയെന്ന പ്രചാരണമാണ് കഴിഞ്ഞ കുറച്ചു നാളായി നടക്കുന്നത്. ഇതാണോ നല്ല ഭരണം? മാധ്യമങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. അങ്ങനെ നഷ്ടപ്പെടാൻ ഈ സർക്കാരിന് പ്രതിച്ഛായ ഇല്ല. പിആർ ഏജൻസികൾ മാധ്യമത്തിൽ എഴുതിയാൽ പ്രതിച്ഛായ ഉണ്ടാകില്ല. കേരളത്തിൽ നടക്കുന്നത് കൺസൾട്ടൻസി ഭരണമാണ്. ഈ സർക്കാർ നിയമിച്ച കൺസൾട്ടൻസികളെ കുറിച്ച് പരിശോധിച്ചാൽ അഴിമതികൾ ഒന്നൊന്നായി പുറത്തുവരും.
യുഡിഎഫോ, കോൺഗ്രസോ കൺസൽട്ടൻസികൾ നൽകുന്നതിന് എതിരല്ല. വലിയ പദ്ധതികൾക്ക് ഒരു പക്ഷേ അതു ആവശ്യമായി വരാം. യു!ഡിഎഫ് സർക്കാരിന്റെ കാലത്ത് അങ്ങനെയുണ്ടായിട്ടില്ല. ഇവിടെ തൊട്ടതിനും പിടിച്ചതിനുമെല്ലാം കൺസൽട്ടൻസിയാണ്. കെപിഎംജി, പിഡബ്ല്യുസി, ഏണസ്റ്റ് ആൻഡ് യങ് എന്നീ ബഹുരാഷ്ട്ര കമ്പനികളാണ് ഇവിടെ കൺസൽട്ടൻസികളായി വന്നിട്ടുള്ളത്. നാലാമത് സ്പിങ്ക്‌ലറിനെ കൂടി കണക്കാക്കാം. കൺസൽട്ടൻസികൾ വേണമെന്ന് സർക്കാരിന് നിർബന്ധം എന്തു കാര്യത്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.