രാജസ്ഥാനിലെ ഗ്രാമത്തില്‍നിന്ന് മുസ്ലിംകളെ സവര്‍ണര്‍ ആട്ടിപ്പായിച്ചു

ജയ്പൂര്‍- ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ പടിഞ്ഞാറന്‍ ജില്ലയായ ജയ്‌സാല്‍മറില്‍ മതസൗഹാര്‍ദ പാരമ്പര്യം തകര്‍ത്ത് സവര്‍ണ ഹിന്ദു സമുദായക്കാര്‍ ഇരുപതോളം മുസ്്‌ലിം കുടുംബങ്ങളെ ആട്ടിപ്പായിച്ചു. ദന്താല്‍ ഗ്രാമത്തില്‍നിന്ന് ജീവനും കൊണ്ട് ഓടിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍  തൊട്ടടുത്ത പ്രദേശമായ ബലാഡില്‍ ബന്ധുക്കളുടെ വീടുകളില്‍ പോലീസ് സംരക്ഷണയില്‍ കഴിയുകയാണ്.

സെപ്റ്റംബര്‍ 27ന് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നടന്ന നവരാത്രി ആഘോഷത്തിനിടെ ഉണ്ടായ സംഭവങ്ങളാണ്  അസ്വസ്ഥത പടര്‍ത്തിയത്. ദന്താല്‍ ഗ്രാമത്തിലെ പാരമ്പര്യ പ്രകാരം ക്ഷേത്രത്തില്‍ ഭക്തിഗാനം ആലപിച്ച നാടന്‍ കലാകാരനായ അഹമ്മദ് ഖാനെ ഇവിടുത്തെ സിദ്ധന്‍ ആക്രമിച്ചതാണ് തുടക്കം. നാടന്‍കലാകാരന്മാരുടെ ലംഗമനഗിയാര്‍ സമുദായക്കാരനാണ് 45കാരനായ ഖാന്‍.

ക്ഷേത്ത്രിലെ പരിപാടിക്കിടെ ഗ്രാമത്തിലെ സിദ്ധനായ രമേശ് സുതാര്‍ ഒരു പ്രത്യേക രാഗത്തില്‍ പാടാന്‍ ഖാനോട് ആവശ്യപ്പെട്ടു. ഈ രാഗം ആലപിച്ചാല്‍ ദേവി പാട്ടുകാരനെ ആവാഹിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. പാട്ടുകാരനെ ആവാഹിക്കുന്ന ദേവിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഭക്തര്‍ക്ക് ചികിത്സാ പരിഹാരങ്ങള്‍ നല്‍കുകയെന്ന് സിദ്ധന്‍  പറയുന്നു. എന്നാല്‍ അഹമ്മദ് ഖാന്റെ മോശം ആലാപനം കാരണം ദേവി കനിഞ്ഞില്ലെന്നാരോപിച്ച് സുതാര്‍ ഖാനെ കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.  ഖാന്റെ സംഗീതോപകരണം സുതാര്‍ നശിപ്പിക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു.

ഈ പരിപാടി കഴിഞ്ഞ് അന്നു രാത്രി തന്നെ സുതാറും സംഘവും ചേര്‍ന്ന് ഖാനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ഖാന്റെ മൃതദേഹം വീടിനു പുറത്ത് കിടക്കുന്നതാണ് കണ്ടതെന്ന് സഹോദരന്‍ സുജെ ഖാന്‍ പറയുന്നു. ഈ സംഭവത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കരുതെന്ന ഭീഷണിയുമായി തൊട്ടടുത്ത ദിവസം സവര്‍ണ ഹിന്ദു സമുദായക്കാര്‍ വീട്ടിലെത്തി വിരട്ടിയതായും സുജെ പറയുന്നു. ഇതോടെ ഭയം മൂലം സംഭവം പുറത്തു പറയാതെ കഴിയുകയായിരുന്ന കുടുംബം ഒടുവില്‍ ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതോടെ സുതാറും മറ്റു സവര്‍ണ പ്രമുഖരും ചേര്‍ന്ന് ഗ്രാമത്തിലെ മുസ്്‌ലിംകളോടെല്ലാം ഇവിടം വിട്ടു പോകാന്‍ കല്‍പിക്കുകയായിരുന്നുവെന്ന് സുജെ ഖാന്‍ പറഞ്ഞു. ഗ്രാമം വിട്ടു പോയില്ലെങ്കില്‍ കൊന്നുകളയുമെന്ന് അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഇതോടെ ഇരുനൂറോളം പേരടങ്ങുന്ന 20 മുസ്ലിം കുടുംബങ്ങള്‍ക്ക് ഗ്രാമത്തില്‍നിന്ന് തൊട്ടടുത്ത പ്രദേശത്തെ ബന്ധുവീടുകളിലേക്ക്് പാലായനം ചെയ്യേണ്ടി വന്നു- സുജെ ഖാന്‍ പറഞ്ഞു.
ഗായകന്‍ അഹമ്മദ് ഖാന്‍ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് ഗ്രാമ മുഖ്യന്‍ ഖേത് സിങ് പറയുന്നത്. 'സ്വാഭാവിക മരണമായതില്‍ അത് പോലീസില്‍ അറിയിക്കരുത് എന്നു മാത്രമെ ഖാന്റെ കുടുംബത്തോട് ഗ്രാമീണര്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. എന്നാല്‍ പരാതി നല്‍കാന്‍ ഗ്രാമീണര്‍ ആരും സ്‌റ്റേഷനിലേക്ക് കൂടെ പോകാത്തതിന്റെ അരിശത്തിലാണ് മുസ്്‌ലിംകളെല്ലാം ഇവിടം വിട്ടു പോയത്- അദ്ദേഹം പറഞ്ഞു. അധികാരികള്‍ക്കൊപ്പം താനും ചെന്ന് അവരെ കണ്ട് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ ചില സാമൂഹിക വിരുദ്ധര്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

അതേസമയം ഖാന്റെ മരണം മര്‍ദ്ദനമേറ്റാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. പാലായനം ചെയ്ത മുസ്്‌ലിംം കുടുംബങ്ങളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് ജയ്‌സാല്‍മര്‍ ജില്ലാ പോലീസ് മേധാവി ഗൗരവ് യാദവ് പറഞ്ഞു. മുസ്്‌ലിംകളെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ കേസെടുത്ത പോലീസ് രമേശ് സുതാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹായികള്‍ ഒളിവിലാണ്. ഖാന്റെ മൃതദേഹം പോലീസ് പുറത്തെടുത്ത് പോസ്റ്റമോര്‍ട്ടം നടത്തി.

Latest News