Sorry, you need to enable JavaScript to visit this website.

പാലത്തായി പീഡനം: പ്രതിക്ക് അനുകൂലമായി  അന്വേഷണ ഉദ്യോഗസ്ഥന്റെ ശബ്ദരേഖ

എസ്.ശ്രീജിത്ത്

കണ്ണൂർ- പാലത്തായി പീഡനക്കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, അന്വേഷണ ഉദ്യോഗസ്ഥന്റെ ശബ്ദരേഖ ചോർന്ന സംഭവം വിവാദമാവുന്നു. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ ഫോൺ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താനുള്ള യാതൊരു തെളിവുകളുമില്ലെന്ന് വിശദമായി വെളിപ്പെടുത്തുന്നതാണ് ഫോൺ സംഭാഷണം. കേസിലെ മുഴുവൻ വിവരങ്ങളും തുറന്നു പറയുന്നതും അത് പ്രചരിക്കുന്നതും ഔദ്യോഗിക കൃത്യനിർവഹണ ലംഘനമാണെന്ന ആരോപണം ഉയർന്നു.


പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകനായ പത്മരാജൻ പല തവണ പീഡനത്തിനിരയാക്കിയെന്ന കേസിൽ പോക്‌സോ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും പിന്നീട് പോക്‌സോ വകുപ്പുകൾ ഒഴിവാക്കി കേസിൽ കുറ്റപത്രം നൽകുകയും ചെയ്ത സംഭവം വിവാദമായിരുന്നു. പോക്‌സോ വകുപ്പില്ലാത്തതിനാൽ അധ്യാപകനു സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തു. പോക്‌സോ വകുപ്പ് ഒഴിവാക്കിയതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ പരാതി ഉയരുന്നതിനിടെയാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിലെ ഒരു ഉന്നതോദ്യോഗസ്ഥൻ പ്രതി കുറ്റം ചെയ്തത് തെളിയിക്കാനാവില്ലെന്ന ന്യായീകരണവുമായി അന്വേഷണത്തെ അനുകൂലിച്ച് വെളിപ്പെടുത്തൽ നടത്തിയത്. കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ഈ വെളിപ്പെടുത്തൽ. 


പീഡനത്തിനിരയായ കുട്ടിക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന ആരോപണവുമായി സി.പി.എമ്മും കോൺഗ്രസും മുസ്‌ലിം ലീഗും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിരുന്നു. കേസ് കെട്ടിച്ചമച്ചതാണന്ന നിലപാടിലായിരുന്നു ആദ്യം മുതൽ തന്നെ ബി.ജെ.പി നേതൃത്വം. ഈ നിലപാട് സാധൂകരിക്കുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ശബ്ദരേഖ. കേസിൽ എന്തുകൊണ്ട് പോക്‌സോ വകുപ്പ് ഒഴിവാക്കിയെന്ന് തദ്ദേശീയനായ ഒരു വ്യക്തി അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു ചോദിക്കുന്നതിനുള്ള മറുപടിയെന്ന നിലയിലാണ് ഈ വെളിപ്പെടുത്തൽ.
കേസിൽ പോക്‌സോ വകുപ്പ് ചുമത്താനുള്ള യാതൊരു തെളിവുകളും ഇല്ലെന്നും, പീഡനത്തിനിരയായ പെൺകുട്ടി മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയ ആദ്യ മൊഴിയിലും പിന്നീട് പോലീസിനു നൽകിയ മൊഴിയിലും പീഡനം നടന്നതുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും സംഭവം നടന്നുവെന്ന് പറയുന്ന ദിവസങ്ങളിൽ ആരോപണ വിധേയനായ അധ്യാപകൻ കോഴിക്കോടാണ് ഉണ്ടായിരുന്നതെന്നും ശ്രീജിത്ത് വെളിപ്പെടുത്തുന്നു. സ്‌കൂളിലെ ശുചിമുറിയിൽ പീഡിപ്പിച്ചുവെന്ന് പറയുന്ന കാര്യത്തിലും അവിശ്വസനീയമായ കാര്യങ്ങളാണ് ഉള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. മാത്രമല്ല, ആരോപണ വിധേയനായ അധ്യാപകനെതിരെ നടത്തിയ പല പരാമർശങ്ങളും വരുംനാളുകളിൽ വലിയ നിയമ പോരാട്ടത്തിനു വഴിവെക്കുന്നതാണ്. 


ഈ ഫോൺ സംഭാഷണം ചോർന്നതുമായി ബന്ധപ്പെട്ടും സംശയങ്ങൾ ഉയരുന്നുണ്ട്. അധ്യാപകനെതിരെ പരാതി ലഭിച്ച് ഒന്നര മാസത്തിനു ശേഷമാണ് അറസ്റ്റ് നടക്കുന്നത്. അത് പല സംഘടനകളും പ്രക്ഷോഭ രംഗത്തിറങ്ങിയതിനു ശേഷമാണ്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. അന്നു മുതൽ തന്നെ കേസിനെതിരെ സംഘ്പരിവാർ സംഘടനകൾ രംഗത്തു വന്നു.
തീർത്തും അപരിചിതനായ ഒരു വ്യക്തിയോട് ഉന്നത സ്ഥാനത്തുള്ള അന്വേഷണ ഉദ്യോഗസ്ഥൻ ഇത്തരത്തിൽ കേസന്വേഷണത്തിന്റെ മുഴുവൻ വിവരങ്ങളും കൈമാറുമോ എന്ന സംശയം ഉയരുന്നുണ്ട്. കേസന്വേഷണത്തിന്റെ ആദ്യപടി മുതലുളള സംഭവങ്ങൾ 12 മിനുട്ട് ദൈർഘ്യമുള്ള ഈ ശബ്ദരേഖയിലുണ്ട്. ചോദ്യകർത്താവിന്റെ ഓരോ സംശയത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മറുപടി പറയുന്നു. മാത്രമല്ല, ഇത്തരത്തിൽ തീർത്തും രഹസ്യ സ്വഭാവമുള്ള അന്വേഷണ വിഷയങ്ങൾ പരസ്യമായി വെളിപ്പെടുത്താമോ എന്ന ചോദ്യവും ഉയരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഈ ഉദ്യോഗസ്ഥൻ ഇതേ സ്വഭാവത്തിലുള്ള വെളിപ്പെടുത്തൽ ഒരു ഓൺലൈൻ മീഡിയക്കും നൽകിയതായി വിവരമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഓഡിയോ സംഘ്പരിവാർ സംഘടനകൾ, അധ്യാപകന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്.

 

മുസ്‌ലിം ലീഗ് നേതൃത്വത്തിൽ ഇന്ന് സമരമുറ്റം പ്രക്ഷോഭം

കണ്ണൂർ- പാലത്തായി കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതൃത്വത്തിൽ ഇന്ന് സമരമുറ്റം പ്രക്ഷോഭം. മുസ്‌ലിം ലീഗ് നേതാക്കളും പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ഗൃഹാങ്കണങ്ങളിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക. വൈകുന്നേരം നാലര മുതൽ അഞ്ചു മണി വരെയാണ് പ്രതിഷേധ പരിപാടി. 
പാലത്തായി പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക, കേസ് മറ്റൊരു ഏജൻസിക്കു കൈമാറി പുനരന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച പാലത്തായി പീഡനക്കേസിൽ അധികാരികൾ ഇരകൾക്കൊപ്പം നിൽക്കാതെ വേട്ടക്കാർക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് നേതൃയോഗം വിലയിരുത്തി. സി.പി.എം-ബി.ജെ.പി അവിശുദ്ധ ബാന്ധവം വരുംകാല തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പി.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.

Latest News