Sorry, you need to enable JavaScript to visit this website.

അറ്റാഷെക്ക് ഗൺമാനെ നിയമിച്ചതിൽ ദുരൂഹത; ഡിജിപിയുടെ പങ്ക് അന്വേഷിക്കണം-വി.ടി ബൽറാം

പാലക്കാട്- സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേനായ യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുടെ ഗൺമാൻ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ടി ബൽറാം. സ്വർണ്ണക്കള്ളക്കടത്തുകാർ തന്നെ കൊല്ലാൻ ശ്രമിക്കുമെന്ന ഭയമാണ് ഇയാളെ ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചത് എന്ന് വ്യക്തമാവുന്നുണ്ടെന്ന് ആരോപിച്ച ബൽറാം, കോൺസുൽ ജനറലിന്റെ ചുമതല വഹിക്കുന്ന അറ്റാഷെക്ക് ഇങ്ങനെയൊരു പോലീസുകാരനെ ഗൺമാനായി സംസ്ഥാന പോലീസ് അനുവദിച്ചത് തന്നെ നിയമവിരുദ്ധമായാണെന്നും പറഞ്ഞു. ഡിജിപിയുടെ പ്രത്യേക താത്പര്യമാണ് ഇതിനു പുറകിൽ എന്നാണ് ഫയലുകളിൽ നിന്ന് വ്യക്തമാവുന്നത്. ഇക്കാര്യത്തിൽ അന്വേഷണം വേണം.

വിദേശ നയതന്ത്ര പ്രതിനിധികളുടെ ഇന്ത്യയിലെ പെരുമാറ്റത്തേക്കുറിച്ചും അവർക്കുള്ള ഡിപ്ലോമാറ്റിക് പരിഗണനകളേക്കുറിച്ചും കേന്ദ്ര വിദേശകാര്യ വകുപ്പ് വിശദമായ പ്രോട്ടോക്കോൾ പുറത്തിറക്കിയിട്ടുണ്ട്. അതിലെ ഇരുപത്തിരണ്ടാം അധ്യായത്തിൽ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയേക്കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങളുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനാണ് സുരക്ഷയുടെ ഉത്തരവാദിത്തം. ഫോറിൻ റപ്രസെന്റേഷൻസ് (എഞ) അവരുടെ ഔദ്യോഗിക പരിസരത്തിന് പുറത്ത് സ്വന്തം നിലക്ക് സുരക്ഷാ ക്രമീകരണങ്ങൾ തേടുന്നത് വിദേശകാര്യ വകുപ്പ് കർശനമായി വിലക്കുന്നുണ്ട്. വകുപ്പിലെ പ്രോട്ടോക്കോൾ  കക സെക്ഷനാണ് നയതന്ത്ര പ്രതിനിധികൾക്ക് ആവശ്യാനുസരണം സുരക്ഷ നൽകാനുള്ള ചുമതല.

എന്നാൽ ഇതിന്റെ പൂർണ്ണ ലംഘനമാണ് കേരളത്തിലെ യുഎഇ കോൺസുലേറ്റിലെ അറ്റാഷെക്ക് സംസ്ഥാന പോലീസ് നേരിട്ട് ഗൺമാനെ അനുവദിച്ച നടപടി. 27/06/2017 നാണ് ജയഘോഷ് എസ്ആർ എന്ന പോലീസുകാരനെ ആദ്യമായി കോൺസുൽ ജനറലിന്റെ ഗൺമാനായി നിയമിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കുന്നത്. ഇത് കേന്ദ്ര വിദേശകാര്യ വകുപ്പ് വഴി വന്ന ഒരാവശ്യമായിരുന്നില്ല എന്നാണറിയാൻ സാധിക്കുന്നത്. ഒരു വർഷത്തേക്കായിരുന്നു നിയമനം. പിന്നീട് 07/07/2018 നും 14/01/2019 നും ഓരോ വർഷം വച്ച് സമയം നീട്ടിക്കൊടുത്തു. ഈ സമയ പരിധിയും തീരാറായപ്പോൾ 18/12/2019 ന് കോൺസുൽ ജനറൽ വീണ്ടും നേരിട്ട് സംസ്ഥാന ഡിജിപിക്ക് ഗൺമാന്റെ സേവനം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കത്തയച്ചു. ഒരു നയതന്ത്ര പ്രതിനിധി ഒരിക്കലും വിദേശകാര്യ മന്ത്രാലയം വഴിയല്ലാതെ സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് കത്തയക്കാൻ പാടില്ല. ഈ കത്ത് സ്വീകരിച്ച ഡിജിപി 08/01/2020 ന് ഉഏഛ 34 /2020 എന്ന ഉത്തരവ് പ്രകാരം ജയഘോഷിന്റെ സേവനം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് നൽകി.

ഒരു വ്യക്തിക്ക് പോലീസ് സംരക്ഷണം നൽകണമെങ്കിൽ ആ തീരുമാനം എടുക്കാൻ സർക്കാരിന് ഒരു സംവിധാനമുണ്ട്. ഡിജിപി നിർദ്ദേശം ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നൽകുകയും അത് പിന്നീട് ആഭ്യന്തര വകുപ്പ് മന്ത്രി അംഗീകരിക്കുകയും വേണം. ഇങ്ങനെ കേരളത്തിൽ പോലീസ് സംരക്ഷണം ലഭിക്കുന്ന 200 ഓളം പേരുടെ ഔദ്യോഗിക ലിസ്റ്റ് നിലവിലുണ്ട്. ഇതിൽ ഈപ്പറഞ്ഞ അറ്റാഷെ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കണം. ഏതാണ്ട് ഇതേ കാലത്താണ് മുഖ്യമന്ത്രിയെ വിമർശിച്ചു എന്നതിന്റെ പേരിൽ റിട്ട. ജസ്റ്റീസ് കെമാൽ പാഷയുടെ പോലീസ് സംരക്ഷണം പിൻവലിച്ചത് എന്നും സാന്ദർഭികമായി ഓർക്കാവുന്നതാണ്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റ് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾക്കുള്ള ഇത്തരം സുരക്ഷ തീരുമാനിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന് അവരുടേതായ ചില മാനദണ്ഡങ്ങളുണ്ട്. റെസിപ്രോസിറ്റി രീതിയാണ് അതിൽ പ്രധാനമായത്. അതായത് ആ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് സമാന സേവനം ആ രാജ്യങ്ങൾ നൽകുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ പാക്കിസ്ഥാൻ ഭീകരപ്രവർത്തകരിൽ നിന്ന് ഗുരുതരമായ സുരക്ഷാ ഭീഷണിയുണ്ടെന്ന് യുഎഇയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ നിരന്തരം പരാതി ഉന്നയിച്ചിട്ടും അവർക്ക് പേഴ്‌സണൽ സെക്യൂരിറ്റി ഏർപ്പാടുകൾ ഒന്നും യുഎഇ നൽകുന്നില്ല. അതിനാൽത്തന്നെ യുഎഇ ഉദ്യോഗസ്ഥർക്ക് ഇവിടേയും അത്തരമൊരു സേവനം അനുവദിക്കേണ്ടെന്ന നിലപാടിലാണ് പൊതുവേ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതിൽ നിന്ന് വ്യത്യസ്തമായി താരതമ്യേനെ സമാധാനപൂർണ്ണമായ ക്രമസമാധാനാന്തരീക്ഷം നിലനിൽക്കുന്ന കേരളത്തിലെ കോൺസുൽ ജനറലിന് /അറ്റാഷെക്ക് മാത്രം പോലീസ് സംരക്ഷണം നൽകാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടാൻ സാധ്യത തീരെ കുറവാണ്.

എന്നിട്ടും ഇതിനെയൊക്കെ മറികടന്ന് സംസ്ഥാന പോലീസിലെ ഒരുദ്യോഗസ്ഥനെ അറ്റാഷെയുടെ ഗൺമാനായി അനുവദിക്കാൻ സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചതെങ്ങിനെയെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഇതു സംബന്ധിച്ച ഫയൽ ആഭ്യന്തര സെക്രട്ടറിയും ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയും കണ്ടിട്ടുണ്ടോ എന്നതും വ്യക്തമാക്കണം. ഈ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് കള്ളക്കടത്ത് സ്വർണ്ണം അയച്ചതെന്ന സാഹചര്യത്തിൽ കള്ളക്കടത്തിന് സൗകര്യമൊരുക്കാനാണോ പോലീസ് സംരക്ഷണത്തിന്റെ ഈ മറ അനുവദിക്കപ്പെട്ടതെന്ന കാര്യത്തിൽ സംശയങ്ങൾ ശക്തിപ്പെടുകയാണ്. തന്നെ കള്ളക്കടത്തുകാർ കൊന്നുകളയുമെന്ന് ഗൺമാൻ സംശയിക്കുന്നത് അദ്ദേഹത്തിന് പല രഹസ്യങ്ങളും അറിയാമെന്നതിന്റെ കൂടി സൂചനയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ആര് നിയമിച്ചു, ആർക്ക് വേണ്ടി നിയമിച്ചു എന്ന കാര്യത്തിൽ ദുരൂഹത നീക്കേണ്ടതുണ്ട്. എൻഐഎ യും ഈ വശം കൃത്യമായി അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

Latest News