മാനന്തവാടി-കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച നവവധുവിന്റെ ഭര്‍തൃപിതാവിനെതിരെ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിനു കേസ്. എടവക എള്ളുമന്ദം സ്വദേശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. മാനന്തവാടി സെന്റ് ജോര്‍ജ് യക്കോബായ സുറിയാനി പള്ളിയില്‍ ഇക്കഴിഞ്ഞ 13നായിരുന്നു എള്ളുമന്ദം സ്വദേശിയുടെ മകന്റെ വിവാഹം. വിവാഹശേഷമാണ് വധുവില്‍ കോവിഡ് സ്ഥിരീകരിച്ചത്. വിവാഹത്തില്‍ പങ്കെടുത്ത മൂന്ന് വൈദികര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ നിരീക്ഷണത്തിലാണ്.
ക്വാറന്റൈന്‍ ലംഘനത്തിനു ബത്തേരി സ്വദേശിയായ യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്. ബത്തേരിയില്‍ ക്വാറന്റൈനിലിരിക്കെ സ്രവം പരിശോധനക്ക് എടുത്തശേഷം മാനന്തവാടി അമ്പുകുത്തിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതിനിടെ പുറത്തു സഞ്ചരിച്ചതിനാണ് യുവാവിനെതിരെ കേസ്. ആരോഗ്യവകുപ്പ് ജീവനക്കാരുടെ പരാതിയിലാണ് രണ്ടു കേസുകളുമെന്നു പോലീസ് അറിയിച്ചു.