ഇഷ്ടത്തിലുള്ളവരെ വശീകരിക്കാന്‍ 5800 രൂപ; കേന്ദ്രം മണ്ണാര്‍ക്കാട്ട്-audio

കൊല്ലം- ഏഴു ദിവസം കൊണ്ട് സ്‌നേഹിക്കുന്ന മനസ്സുകളെ ഒന്നിപ്പിക്കുന്ന വശീകരണ കേന്ദ്രത്തിലേക്ക് വിളിച്ചപ്പോള്‍ ലഭിച്ച മറുപടി പങ്കുവെച്ച് അനിലന്‍ മുഹൂര്‍ത്തം.

കോവിഡ് ബാധിച്ച് ആശുപത്രിയിലുള്ള ഐശ്വര്യയെന്ന യുവതിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അവഗണിക്കുന്നുവെന്നും പറഞ്ഞാണ് സമൂഹ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന അനിലന്‍ മുഹൂര്‍ത്തം മണ്ണാര്‍ക്കാട്ട്  പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലേക്ക് വിളിച്ചത്.

സ്‌നേഹിക്കുന്ന മനസ്സുകളെ ഏഴു ദിവസം കൊണ്ട് ഒന്നിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് പത്രത്തില്‍ നല്‍കിയ പരസ്യത്തിലെ നമ്പറിലേക്കാണ് വിളിച്ചത്. പ്രവാസിയാണെന്നും വിദേശത്തുവെച്ചാണ് ഐശ്വര്യയെ പരിചയപ്പെട്ടതെന്നും കോവിഡിനെ തുടര്‍ന്ന് നാട്ടിലെത്തിയ ശേഷം ബന്ധപ്പെട്ടപ്പോള്‍ അവര്‍ അവഗണിക്കുന്നുവെന്നുമാണ് അറയിച്ചത്.

അരയില്‍ ധരിക്കാന്‍ രണ്ട് ഏലസ്സുകള്‍ അയക്കുമെന്നും അവ കൂട്ടിമുട്ടാതെ ധരിക്കണമെന്നും ഫോണ്‍ അറ്റന്‍ഡ് ചെയ്ത സ്ത്രീ മറുപടി നല്‍കുന്നു.

ഏലസ്സുകള്‍ക്ക് 5800 രൂപയാണ് നിരക്കെന്നും ആയിരം രൂപ കാര്യങ്ങള്‍ ഭംഗിയായി നടന്ന ശേഷം നല്‍കിയാല്‍ മതിയെന്നും വിശദീകരിക്കുന്നുണ്ട്.

21 ദിവസം കൊണ്ട് ഫലമുണ്ടാകുമെന്നും പണം ട്രാന്‍സ്ഫര്‍ ചെയ്യേണ്ട അക്കൗണ്ട് നമ്പര്‍ മെസേജ് അയക്കുമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.

ഐശ്വര്യ റായിയാണെന്ന് അനിലന്‍ അവസാനം വെളിപ്പെടുത്തിയിട്ടും പണം അയക്കാന്‍ തന്നെയാണ് ആവശ്യപ്പെടുന്നത്.
ഒരു വശീകരണത്തിനാണ് വിളിച്ചതെന്നും സംഭാഷണം കേട്ട് ചിരിച്ച് മരിക്കല്ലേ എന്നു പറഞ്ഞുമാണ് അനിലന്‍ ശബ്ദരേഖ പങ്കുവെച്ചിരിക്കുന്നത്.

 

Latest News