കൊച്ചി- കോവിഡ് സമയത്ത് വേതനം നിഷേധിച്ച മാധ്യമ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തി രണ്ടു മാസത്തിനകം തീര്‍പ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്. മംഗളം, ചന്ദ്രിക, ദീപിക, വീക്ഷണം അടക്കം പത്തോളം മാധ്യമസ്ഥാപനങ്ങളില്‍ വേതനം നിഷേധിച്ചത് ചൂണ്ടികാട്ടി കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹരജിയിലാണ് തീര്‍പ്പ്. മാധ്യമ മാനേജ്മെന്റുകളുമായി സംസാരിച്ച് വിഷയം തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനാണ് നിര്‍ദേശം. മാധ്യമ മാനേജ്മെന്റുകളും സംസ്ഥാന സര്‍ക്കാരും പത്രപ്രവര്‍ത്തക യൂണിയനും ഉള്‍പ്പെട്ട ത്രികക്ഷി ചര്‍ച്ച നടത്തണമെന്ന് ജസ്റ്റിസ് അമിത് റാവലിന്റെ വിധിയില്‍ പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ ദുരിതകാലത്ത് മാസ ശമ്പളംപോലും നിഷേധിച്ച മാനേജ്മെന്റ് നടപടി മാധ്യമ പ്രവര്‍ത്തകരുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണെന്ന് ഹരജിയില്‍ ബോധിപ്പിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേതനം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചുവെങ്കിലും അത് അവഗണിച്ചതായി ചൂണ്ടിക്കാട്ടിയാണ് യൂണിയന് ഹരജി നല്‍കിയത്. ഇക്കാര്യത്തില്‍ ഒരു നിശ്ചിത കാലയളവിനുള്ളില്‍ തീരുമാനം എടുക്കുന്നതാണ് നല്ലതെന്ന്് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തി പ്രശ്നത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് യൂണിയനു വേണ്ടി ഹാജരായ അഡ്വ. തമ്പാന് തോമസും അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് രണ്ടു മാസത്തിനുള്ളില്‍ വിഷയം തീര്‍പ്പാക്കാന്‍ ഉത്തരവിട്ടത്. ഈ മാസം 26 ന് ആദ്യ അനുരഞ്ജന ചര്‍ച്ച നടക്കും.
ദര്‍ശന ടിവി, ജയ്ഹിന്ദ് ടിവി, ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാന്‍ ക്രോണിക്കിള്‍, മംഗളം, വീക്ഷണം, മാധ്യമം, ചന്ദ്രിക, ദീപിക, മാനേജ്മെന്റുകളും പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുമാണ് കേസിലെ എതിര്‍കക്ഷികള്‍. യൂണിയന് ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷാണ് ഹരജി നല്‍കിയത്. വിധിയെ സ്വാഗതം ചെയ്യുന്നതായി പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെപി. റെജി അറിയിച്ചു.






