ന്യൂദല്‍ഹി- വിവാദം സൃഷ്ടിച്ച പൗരത്വഭേദഗതി നിയമം കേന്ദ്രആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്നത് വൈകിയേക്കും. ആക്ട് സംബന്ധിച്ച നിയമാവലികളില്‍ ആറ് മാസം കഴിഞ്ഞിട്ടും അന്തിമ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. പാര്‍ലമെന്ററി ചട്ടം അനുസരിച്ച് നടപ്പാക്കേണ്ട നിയമം സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഇറക്കിയാല്‍ ആറ് മാസത്തിനകം അത് സംബന്ധിച്ച നിയമാവലികള്‍ തീരുമാനിക്കേണ്ടതുണ്ട്.
ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് , പൗരത്വഭേദഗതി നിയമം സംബന്ധിച്ച നോട്ടിഫിക്കേഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത് ജനുവരി 10,2020നാണ്. നിയമാവലികള്‍ തീരുമാനിക്കാനുള്ള ആറ് മാസക്കാലയളവ് ജൂലൈ പത്തിന് അവസാനിച്ചു.എന്നാല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പത്തിനാണ് മോഡി സര്‍ക്കാര്‍ ദേശീയ പൗരത്വഭേദഗതി പാസാക്കിയത്. മുസ്‌ലിംങ്ങളായ പൗരന്മാരെ പുറത്തുനിര്‍ത്തുന്ന നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് നടന്നുവരുന്നത്.