കോവിഡ് കെയര്‍ സെന്ററില്‍ 25കാരന്‍ യുവതിയെ ബലാല്‍സംഗം ചെയ്തു

മുംബൈ-നവി മുംബൈയില്‍ കോവിഡ് കെയര്‍ സെന്ററില്‍ യുവതി ബലാല്‍സംഗത്തിന് ഇരയായതായി പരാതി. കുടുംബത്തിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹൈറൈസ് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ ക്വാറന്റൈനിലായ 25കാരനായ യുവാവാണ് യുവതിയെ ബലാല്‍സംഗം ചെയ്തത്.  മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആയിരം അപ്പാര്‍ട്ട്‌മെന്റുകളാണ് കോവിഡ് രോഗികളെ ക്വാറന്റൈന്‍ ചെയ്യാനായി എടുത്തിരിക്കുന്നത്.പതിനഞ്ച് നില കെട്ടിടത്തിന്റെ രണ്ടാംനിലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് പ്രതിയെ പാര്‍പ്പിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.

വ്യാഴാഴ്ച്ച ഇയാള്‍ പീഡനത്തിനിരയായ യുവതി അടക്കമുള്ളവര്‍ താമസിക്കുന്ന അഞ്ചാംനിലയിലേക്ക് അനധികൃതമായി കടന്നുവരികയായിരുന്നു. തുടര്‍ന്ന് ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി യുവതിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ കയറിയ ഇയാള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

സംഭവം നഴ്‌സിനോടാണ് യുവതി ആദ്യം അറിയിച്ചത്. തുടര്‍ന്ന് അധികൃതരെത്തി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.25കാരന്റെ കോവിഡ് പരിശോധനഫലം വരാനിരിക്കുകയാണ്. ഫലം നെഗറ്റീവായാല്‍ പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും അല്ലാത്തപക്ഷം മുറിക്ക് പുറത്ത് പോലിസുകാരെ നിയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
 

Latest News