കൊച്ചി- മാതാവിന്റെ ചികിത്സാ ചെലവിനായി സഹായം അഭ്യര്‍ത്ഥിച്ച പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു കോടിയില്‍പരം രൂപ എത്തിയ സംഭവത്തില്‍ ഹവാല ഇടപാട് സംശയിക്കുന്നതായി ഡിസിപി പൂങ്കുഴലി ഐപിഎസ്. വര്‍ഷ എന്ന പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക കുറഞ്ഞ സമയത്തിനകം എത്തിയത് അസ്വാഭാവികമായ സംഭവമാണെന്ന് ഡിസിപി അറിയിച്ചു.ചികിത്സാ ചെലവ് കഴിച്ചാല്‍ ബാക്കി തുക വര്‍ഷ തിരിച്ചുനല്‍കുമെന്ന വിശ്വാസത്തിലാകാം ഇത്രയും തുക എത്തിയത്. ഇത് സുരക്ഷിത മാര്‍ഗമെന്ന് കരുതി ഹവാല ഇടപാടുകാര്‍ ഉപയോഗിച്ചതായിരിക്കാമെന്ന നിലപാടിലാണ് പോലിസ്. ഇക്കാര്യം അന്വേഷിക്കാനാണ് ഡിസിപി നിര്‍ദേശിച്ചിരിക്കുന്നത്.
അമ്മയുടെ കരള്‍ മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വേണ്ടി കണ്ണൂര്‍ സ്വദേശിനി വര്‍ഷയാണ് സോഷ്യല്‍മീഡിയയിലൂടെ സഹായം തേടിയത്. മുപ്പത് ലക്ഷത്തില്‍ താഴെയാണ് ചികിത്സാ ചെലവായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആദ്യ ദിവസം തന്നെ 65 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്. ആവശ്യത്തിനുള്ള പണം ലഭിച്ചതായി വര്‍ഷ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചതിന് ശേഷവും കൂടുതല്‍ തുക ബാങ്ക് അക്കൗണ്ടില്‍ എത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ സഹായ അഭ്യര്‍ത്ഥ സാജന് കേച്ചേരി എന്ന ചാരിറ്റി പ്രവര്ത്തകന് പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ ഫിറോസ് കുന്നംപറമ്പില്‍ ഷെയര്‍ ചെയ്തതോടെയാണ് ഒരു കോടി 20 ലക്ഷം രൂപ ലഭിച്ചതെന്നാണ് വിവരം.
ചികിത്സക്കായുള്ള അഭ്യര്‍ഥനകളില്‍ കൂടുതല്‍ തുക ലഭിച്ചാല്‍ ഫിറോസ് കുന്നംപറമ്പില്‍ അധിക തുക മറ്റുരോഗികള്‍ക്ക് കൂടി പങ്കുവെച്ച് നല്‍കാറുണ്ട്.ഈ തുക തിരിച്ചു ലഭിക്കാന്‍ സാജന് കേച്ചേരി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ വര്‍ഷ ഡിസിപിക്ക് പരാതി നല്‍കിയിരുന്നു.സാജന് കേച്ചേരി, സലാം,ഷാഹിദ് എന്നിവര്‍ക്ക് എതിരെ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






