ഗുവാഹത്തി- അര്‍ധ രാത്രി വീട്ടില്‍ റെയ്ഡ് നടത്തി മാധ്യമപ്രവര്‍ത്തകനെ പിടിച്ചുകൊണ്ടുപോയതിനു പിന്നാലെ പിതാവ് ഹൃദയംപൊട്ടി മരിച്ചു. അസമിലെ ദുബ്രി ജില്ലയിലാണ് സംഭവം.
പ്രദേശിക ഭാഷാ ചാനലിലെ റിപ്പോര്‍ട്ടറും ദുബ്രി പ്രസ് ക്ലബ് സെക്രട്ടറിയുമായിരുന്ന രാജീവ് ശര്‍മയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വ്യാജ വാര്‍ത്ത ചമച്ച് ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ കൈക്കലാക്കാന്‍ ശ്രമിച്ചുവെന്ന് ദുബ്രി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് പുലര്‍ച്ച രണ്ടു മണിയോടെ വീട്ടില്‍ റെയ്ഡ് നടത്തി രാജീവ് ശര്‍മയെ അറസ്റ്റ് ചെയ്തത്.
64 കാരനായ പിതാവ് സുധിന്‍ ശര്‍മയോടൊപ്പമാണ് രാജീവ് താമസിക്കുന്നത്. മകന്റെ അറസ്റ്റിന് പിന്നാലെ സുധിന്‍ ശര്‍മക്ക് ഹൃദയാഘാതമുണ്ടായി. വീട്ടില്‍ തനിച്ചായിരുന്ന ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
ജാമ്യം ലഭിച്ച് രാവിലെ വീട്ടിലെത്തിയപ്പോഴാണ് പിതാവ് മരിച്ചു കിടക്കുന്നത് രാജീവ് ശര്‍മ്മ കാണുന്നത്. സംഭവം വിവാദമായതോടെയാണ് ദുബ്രി പോലീസ് മേധാവിയെ സ്ഥലം മാറ്റിയിട്ടുണ്ട്.