സിഡ്‌നി- ഗുജറാത്തിലെ വ്യവസായി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റര്‍പ്രൈസസ് ഓസ്‌ട്രേലിയയില്‍ തുടങ്ങാനിരിക്കുന്ന കല്‍ക്കരി ഖനനത്തിനെതിരെ ഓസ്‌ട്രേലിയയിലുടനീളം ശനിയാഴ്ച വ്യാപക പ്രതിഷേധം അരങ്ങേറി. രാജ്യത്തെ ഏറ്റവും വലിയ ഖനിയാണ് ക്വീന്‍സ്‌ലാന്‍ഡില്‍ അദാനി തുറക്കാനിരിക്കുന്നത്. പരിസ്ഥിതി സരംക്ഷണ, പൗരാവകാശ സംഘടനകള്‍ ചേര്‍ന്നാണ് രാജ്യത്തുടനീളം സ്റ്റോപ് അദാനി എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ഈ ഖനി ആഗോള താപനത്തിന് ആക്കം കുട്ടുമെന്നും രാജ്യത്ത് വലിയ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഗ്രേറ്റ് ബാരിയര്‍ റീഫിന് വലിയ നാശനഷ്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.
ഓസ്‌ട്രേലിയില്‍ 45 ഇടങ്ങളിലാണ് ആയിരക്കണക്കിനാളുകള്‍ ചേര്‍ന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്. സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. ഇത് ക്വീന്‍സ് ലാന്‍ഡിനു മാത്രമല്ല രാജ്യത്തിനാകാമാനം വലിയ ആശങ്കയാണെന്നും നികുതിദായകരുടെ പണം ഉപയോഗിച്ച് സര്‍ക്കാര്‍ ഇതിനു വായ്പ നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘാടകരില്‍ ഒരാളായ ബ്ലെയര്‍ പാലസെ പറഞ്ഞു.
അദാനിയുടെ ഖനിയെ ഭൂരിപക്ഷം ഓസ്‌ട്രേലിയന്‍ പൗരന്മാരും എതിര്‍ത്തു കൊണ്ടുള്ള സര്‍വെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് ദേശീയ തലത്തില്‍ വലിയ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്. നാല് ശതകോടി ഡോളര്‍ പ്രാരംഭ ചെലവ് വരുന്ന ഈ ഖനനപദ്ധതിയുടെ ചെലവ് അദാനി കമ്പനി തന്നെ വഹിക്കുമോ എന്നതു സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. ഈ പദ്ധതി വന്നാല്‍ കോടിക്കണക്കിന് ഡോളര്‍ റോയല്‍റ്റിയായും നികുതിയായും സര്‍ക്കാരിനു ലഭിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദാനി വാ്ഗ്ദാനം നല്‍കുന്നു. ഇവിടെ നിന്നും കല്‍ക്കരി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാണ് പദ്ധതി. ഇന്ത്യയിലെ ഊര്‍ജ്ജ പദ്ധതികള്‍ക്കു വേണ്ടിയാണിതെന്നും കമ്പനി പറയുന്നു.
ഈ പദ്ധതിക്കായി നോര്‍ത്തേണ്‍ ഓസ്‌ട്രേലിയന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫെസിലിറ്റി (നായ്ഫ്) യില്‍ നിന്ന് 900 ദശലക്ഷം ഡോളറിന്റെ വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദാനി. നിര്‍ദ്ദിഷ്ട ഖനിയിലേക്ക് പുതിയ റെയില്‍ പാത നിര്‍മ്മിക്കാനാണിത്. അതേസമയം ഈ വായ്പ ലഭിക്കാതെ അദാനിക്ക് പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫണ്ടിനായി അദാനി കിണഞ്ഞു പരിശ്രമിക്കുകയാണെന്നും എന്നാല്‍ ഒരു ബാങ്കും ഇതിനു തയാറാവില്ലെന്നും ഓസ്‌ട്രേലിയന്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍ര് ജിയെഫ് കസിന്‍സ് പറയുന്നു. സ്റ്റോപ് അദാനി ഒരു പ്രശ്‌നാധിഷ്ഠിത പ്രതിഷേധ ക്യാമ്പയിനാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് കരാറില്‍ ഒപ്പു വച്ച ഓസ്‌ട്രേലിയയില്‍ ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി സ്ഥാപിക്കാന്‍ പോകുന്നുവെന്നതിനെ ലോകം ഭ്രാന്തായാണ് കാണുക, അദ്ദേഹം പറഞ്ഞു.