Sorry, you need to enable JavaScript to visit this website.

പാലത്തായി കേസ് അട്ടിമറിക്കെതിരെ പ്രവാസ ലോകത്ത് കനത്ത പ്രതിഷേധം; രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ട്

പാലത്തായി കേസിലെ സർക്കാർ ഒത്തുകളിക്കെതിരെ റിയാദ് പ്രവാസി സാംസ്‌കാരിക വേദി സംഘടിപ്പിച്ച പ്രതിഷേധ സംഗമം.
ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽനിന്ന്.

റിയാദ്- പാലത്തായി പീഡനക്കേസ് അട്ടിമറിക്കെതിരെ പ്രവാസ ലോകത്ത് കനത്ത പ്രതിഷേധമാണുയരുന്നത്. നാലാം ക്ലാസ് വിദ്യാർഥിനിയായ കുഞ്ഞിനെ അതിക്രൂരമായി പല തവണ പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് കാഴ്ചവെക്കുകയും ചെയ്ത കൊടും ക്രിമിനലാണ് ബി.ജെ.പി നേതാവായ പത്മരാജനെന്ന് രാഷ്ട്രീയം മറന്ന് പ്രവാസ ലോകത്തെ സംഘടനകളെല്ലാം ഒറ്റക്കെട്ടായി പറയുന്നു. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് അഭിപ്രായം. കേസിൽ പോക്‌സോ ചുമത്താതെ നിസ്സാര വകുപ്പുകൾ മാത്രം ചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.  കെ.എം.സി.സി, ഒ.ഐ.സി.സി, ഐ.എം.സി.സി അടക്കം സംഘടനകളെല്ലാം കടുത്ത അമർഷത്തിലാണ്. 

 


ബി.ജെ.പി നേതാവിനെ രക്ഷപ്പെടുത്താൻ സർക്കാർ ഒത്തുകളിക്കുന്നുവെന്ന് പ്രവാസി സാംസ്‌കാരിക വേദി റിയാദ് അഭിപ്രായപ്പെട്ടു. പാലത്തായിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ പോക്‌സോ ചുമത്താതെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ നിസ്സാര വകുപ്പുകൾ മാത്രം ചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുക വഴി പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജനും, ഇനിയും അറസ്റ്റ് ചെയ്യപ്പെടാത്ത കൂട്ടുപ്രതികൾക്കും രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയാണ് കേരള സർക്കാരെന്ന് പ്രവാസി സാംസ്‌കാരിക വേദി റിയാദ് സംഘടിപ്പിച്ച വെർച്വൽ പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
പാലത്തായി പീഡനത്തിൽ പോക്‌സോ ചുമത്താതെ പ്രതിയെ രക്ഷപ്പെടുത്തിയത് സി.പി.എം-ആർ.എസ്.എസ് അന്തർധാര സജീവമായതിനാലാണെന്ന് സോഷ്യൽ ഫോറം പ്രവർത്തകർ പറഞ്ഞു. കുറ്റപത്രം സമർപ്പിക്കാതെ തൊണ്ണൂറ് ദിവസം തികഞ്ഞ് പ്രതിക്ക് സ്വാഭാവിക ജാമ്യം നേടിക്കൊടുക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ ശ്രമം ശക്തമായ ജനകീയ പ്രതിഷേധത്തിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ ദുർബലമായ കുറ്റങ്ങൾ ചുമത്തി തട്ടിക്കൂട്ട് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണിപ്പോൾ. കുട്ടിയുടെ മൊഴിക്കനുസരിച്ച് കൂട്ടുപ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല. പിണറായി സർക്കാരിനും സംഘ്പരിവാറിനുമിടയിൽ എന്ത് ധാരണയാണ് പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചവരെ രക്ഷപ്പെടുത്താനായി ഉണ്ടാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി മറുപടി പറയണം. പ്രവാസി പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖലീൽ പാലോട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. റഹ്മത്ത് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രതിനിധി സത്താർ താമരത്ത്, മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, പ്രവാസി സി.സി അംഗങ്ങളായ അഡ്വ.റജി, സമീഉല്ല എന്നിവർ സംസാരിച്ചു. അഷ്‌റഫ് കൊടിഞ്ഞി സ്വാഗതവും അബ്ദുറഹിമാൻ ഒലയാൻ നന്ദിയും പറഞ്ഞു.

ആരോഗ്യമന്ത്രി ശൈലജയുടെ മണ്ഡലത്തിൽപ്പെടുന്ന പാലത്തായിയിൽ പിഞ്ചുബാലികയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനും ആർ.എസ്.എസ് നതാവുമായ പത്മരാജനെതിരെ വ്യക്തമായ തെളിവും, ഇരയുടെയും മാതാവിന്റെയും മൊഴികളുമുണ്ടായിട്ടും അറസ്റ്റ് വൈകിപ്പിച്ചും പോക്‌സോ പ്രകാരമുള്ള കുറ്റം ചുമത്താതെയും പ്രതിക്ക് കേസിൽ നിന്നും രക്ഷപ്പെടാനുള്ള വഴിയൊരുക്കിയ സി.പി.എമ്മും ആർ.എസ്.എസും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ ഫലമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.

ലോകത്തെവിടെയെങ്കിലും സ്ത്രീപീഡനമോ അക്രമമോ മറ്റോ ഉണ്ടായാൽ ഇരുപുറം നോക്കാതെ പ്രതിഷേധിക്കാനും പൊതുമുതൽ നശിപ്പിച്ചു കൊണ്ടുള്ള സമര കോലാഹലങ്ങൾ നടത്താനും രംഗത്തു വരാറുള്ള കമ്യൂണിസ്റ്റുകൾ ഭരണത്തിലിരിക്കുന്ന നുടെ സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളിലും ലൈംഗിക പീഡനങ്ങളിലും പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ അനുവർത്തിച്ചു പോന്നിട്ടുള്ള നടപടികൾ ഭൂരിഭാഗവും പ്രതികളെ സഹായിക്കുന്നതും ഇരകൾക്ക് നീതി നിഷേധിക്കപ്പെടുന്ന തരത്തിലുമുള്ളതുമാണ്. കൊറോണ ഭീതിയുടെ മറവിൽ മുഖ്യനും ആരോഗ്യമന്ത്രിയും തങ്ങൾക്കു മറ്റൊരു കാര്യവുമറിയില്ല എന്ന മട്ടിൽ ധാർഷ്ട്യത്തോടെ നിൽക്കുന്നതിനിടെയാണ് അനാഥയായ പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ നരാധമനെ സഹായിക്കാൻ പോലീസും ഭരണകൂടവും കളിച്ചത്. ആഭ്യന്തരം കയ്യാളുന്ന പിണറായി, പോലീസ് ഭരണം പൂർണമായും സംഘ്പരിവാറിന് തീറെഴുതിക്കൊടുത്ത പോലെയാണ് കാര്യങ്ങളെല്ലാം. പ്രബുദ്ധരായ മലയാളി സമൂഹം പാലത്തായിയിലെ പിഞ്ചോമനയുടെ വിഷയത്തിൽ മൗനം വെടിഞ്ഞു നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഒന്നിച്ചണി നിരക്കണമെന്ന് സോഷ്യൽ ഫോറം ആഹ്വാനം ചെയ്തു. 

 

സൗദി നാഷണൽ കോ-ഓർഡിനേറ്റർ അഷ്റഫ് മൊറയൂർ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റേറ്റ് കമ്മിറ്റികളിൽ നിന്ന് അൻസാർ ചങ്ങനാശേരി, നൂറുദ്ദീൻ (റിയാദ്), മൻസൂർ എടക്കാട്, മുബാറക് ഫറോക്ക് (ദമാം), മുഹമ്മദ് കോയ ചേലേമ്പ്ര, ഹനീഫ ചാലിപ്പുറം (അബഹ), ഹനീഫ കിഴിശ്ശേരി, കോയിസ്സൻ ബീരാൻകുട്ടി (ജിദ്ദ), സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇ.എം.അബ്ദുല്ല, നമീർ ചെറുവാടി തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ സംബന്ധിച്ചു. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ബഷീർ കാരന്തൂർ സ്വാഗതം പറഞ്ഞു.
 

Latest News