Sorry, you need to enable JavaScript to visit this website.

കോവിഡ് : പ്രവാസികൾക്ക് പുനരധിവാസ പദ്ധതികളുമായി പീപ്പിൾസ് ഫൗണ്ടേഷൻ

പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹികൾ കോഴിക്കോട്ട് പത്രസമ്മേളനത്തിൽ

കോഴിക്കോട് -കോവിഡ് ബാധിച്ച് മരണമടഞ്ഞ നിർധനരായ ഗൾഫ് പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പദ്ധതികൾ നടപ്പാക്കുമെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിർധനരായ പ്രവാസികളുടെ കുടുംബങ്ങൾക്ക് വീട്, മരണ മടഞ്ഞ പ്രവാസികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ്, അർഹരായ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സ്വയം തൊഴിൽ പദ്ധതി, ഭൂരഹിതരായ പ്രവാസി കുടുംബങ്ങൾക്ക് ഭൂമി എന്നിവ ഉൾക്കൊള്ളുന്നതാണ് പുനരധിവാസ പദ്ധതികൾ.

പണി പൂർത്തിയാകാത്ത വീടുകൾ പൂർത്തിയാക്കാനും പുതിയ വീടുകൾ പണിയാനും സഹായം നൽകും. വീടുവെക്കാൻ സ്വന്തമായി സ്ഥലമില്ലാത്ത കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷന്റെ കൈവശം വിവിധ ജില്ലകളിലുള്ള സ്ഥലം അവർക്ക് സൗകര്യപ്രദമാണെങ്കിൽ അവിടെ ആവശ്യമായ സ്ഥലം നൽകും. കേരളത്തിന്റെ സമഗ്ര വികസന മേഖലയിൽ നിർണായകമായ പങ്കാണ് പ്രവാസികൾ വഹിക്കുന്നത്. പീപ്പിൾസ് ഫൗണ്ടേഷന്റെ ജനസേവന പദ്ധതികളിലെല്ലാം പ്രവാസികളുടെ അധ്വാനത്തിന്റെ പങ്ക് അവഗണിക്കാൻ പറ്റാത്തതാണ്. മറ്റു സന്നദ്ധ സംഘടനകളും പ്രവാസികൾക്കായി പദ്ധതികളുമായി മുന്നോട്ട് വരണമെന്നാണ് പീപ്പിൾസ് ഫൗണ്ടേഷൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


മാർച്ച് ആദ്യ വാരം മുതൽ തന്നെ കോവിഡ്19 പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.'കോവിഡ്19 കരുതലോടെ ഒരുമിച്ച് ജാഗ്രത പുലർത്താം' എന്ന കാപ്ഷനിൽ  ഓൺലൈൻ ബോധവൽക്കരണം നടത്തിയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കുടുംബ നാഥന്മാർ വീടുകളിലും മറ്റും രോഗസംശയത്താൽ നിരീക്ഷണത്തിൽ കഴിയുന്ന, നിത്യജീവിതത്തിന് പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകാൻ എല്ലാ ജില്ലകളിലും, ഏരിയാ തലങ്ങളിലും ലോക്ഡൗണിന്റെ തുടക്കം മുതൽ തന്നെ പീപ്പിൾസ് ഫൗണ്ടേഷൻ സൗകര്യമൊരുക്കി.

 

18,440 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ, 17,981 പേർക്ക് ഭക്ഷണ പൊതികൾ, 28,176 മാസ്‌കുകൾ, 1757 നിത്യരോഗികൾക്ക് ആവശ്യമായ മരുന്നുകൾ എന്നിവ ലോക്ഡൗൺ കാലത്ത് പീപ്പിൾസ് ഫൗണ്ടേഷൻ വളണ്ടിയർമാർ വിതരണം ചെയ്തു. പുറമെ ഹെൽത്ത് സെന്ററുകൾ,  പഞ്ചായത്ത് ബിൽഡിങ് സാനിറ്റൈസ് ചെയ്യൽ, ഇമ്മ്യൂണിറ്റി മെഡിസിൻ വിതരണം, ഓൺലൈൻ കൗൺസലിംഗ്, ക്യാമ്പ് അംഗങ്ങൾക്ക് വസ്ത്ര വിതരണം, ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ മലയാളികൾക്ക് യാത്രാ സൗകര്യമൊരുക്കൽ, കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണ സാധനങ്ങൾ, അതിഥി തൊഴിലാളികൾക്കായി ഹെൽപ് ഡെസ്‌ക് സേവനങ്ങൾ എന്നീ സേവനങ്ങളും നിർവഹിച്ചു വരുന്നു. 
കോവിഡ്19 പ്രതിരോധ പ്രവർത്തന രംഗത്തുള്ള ആരോഗ്യ പ്രവർത്തകർക്കായി പ്രത്യേകം തയാറാക്കിയ 400 പി.പി.ഇ കിറ്റുകളും കാസർകോട്, കോഴിക്കോട്, മഞ്ചേരി, കളമശ്ശേരി തുടങ്ങി നാല് മെഡിക്കൽ കോളേജുകൾക്ക്  കൈമാറിയതായും എം.കെ. മുഹമ്മദലി പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ സഫിയ അലി, ജോയന്റ് സെക്രട്ടറി സാദിഖ് ഉളിയിൽ, പ്രോജക്റ്റ് കോഡിനേറ്റർ അബ്ദുൽ റഹീം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

 

 

Latest News