കോട്ടയം - സംസ്ഥാനത്തിനൊപ്പം കോട്ടയത്തെ കോവിഡ് രോഗികളുടെ എണ്ണവും കുതിച്ചുയർന്നു. ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ രണ്ട് തൊഴിലാളികൾ ഉൾപ്പെടെ ഒൻപതു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകരും വിദേശത്തുനിന്നു വന്ന 17 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന 10 പേരും വൈറസ് ബാധിതരിൽ ഉൾപ്പെടുന്നു. 39 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
ഏറ്റുമാനൂരിലെ മത്സ്യ മാർക്കറ്റിലെ രോഗികളിൽ ഒരാൾ വീടുവീടാന്തരം മത്സ്യം വിൽക്കുന്ന ആളാണെന്നത് ആശങ്ക പരത്തി. മത്സ്യ മാർക്കറ്റിനെ സമ്പർക്ക രഹിതമാക്കാനുളള നടപടിയെടുക്കാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
വൈക്കം നഗരത്തിൽ അവശ്യ സാധനങ്ങൾ വിൽക്കുന്നത് ഒഴികെയുളള കടകൾ അഞ്ചു ദിവസത്തേക്ക് അടച്ചിടാൻ വ്യാപാരി വ്യവസായികൾ തീരുമാനിക്കുകയും ചെയ്തു.
കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയായ കടുത്തുരുത്തി മാഞ്ഞൂർ സ്വദേശിനി (44) ക്കും ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ പദ്ധതിയിലെ ഡ്രൈവറായ ഭരണങ്ങാനം സ്വദേശി (40) ക്കും ആശാ പ്രവർത്തകയായ ഭരണങ്ങാനം സ്വദേശിനി (42) ക്കും ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ വ്യാപാര ശാലയിലെ തൊഴിലാളിയായ ഏറ്റുമാനൂർ സ്വദേശി (37) ക്കും ഓണന്തുരുത്ത് സ്വദേശി (60) ക്കും പ്രവിത്താനം മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ രാമപുരം സ്വദേശി (63) ക്കും ഓട്ടോ ഡ്രൈവറായ പ്രവിത്താനം സ്വദേശി (40) ക്കും മാഞ്ഞൂർ പഞ്ചായത്ത് ജീവനക്കാരിയായ മാഞ്ഞൂർ സ്വദേശിനി (39) ക്കും കോതനല്ലൂർ ക്വാറന്റൈൻ കേന്ദ്രത്തിലെ ജീവനക്കാരിയായ കുറുപ്പുന്തറ സ്വദേശിനി (40)ക്കും ഏറ്റുമാനൂർ സ്വദേശിനി (59) ക്കും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ജലശുചീകരണ പ്ലാന്റ് ഓപറേറ്ററായ പത്തനംതിട്ട സ്വദേശി (24) ക്കും നേരത്തേ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന കടനാട് സ്വദേശിനി (20) ക്കും സൗദി അറേബ്യയിൽനിന്ന് ജൂലൈ നാലിന് എത്തി മുത്തോലിയിലെ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പൊൻകുന്നം സ്വദേശി (55) ക്കും കോവിഡ് പോസിറ്റീവായി.