കൽപറ്റ-വയനാട്ടിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 28 പേരിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ എട്ടു പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതാദ്യമായാണ് ജില്ലയിൽ ഒരു ദിവസം ഇത്രയധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നാലു പേർ ഇന്നലെ കോവിഡ് മുക്തരായി.
തൊണ്ടർനാട് പഞ്ചായത്തിൽ ആറും കോട്ടത്തറയിലും കൽപറ്റയിലും ഒന്നു വീതവും ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. കർണാടകയിൽ നിന്നെത്തിയ യുവാവിൽനിന്നാണ് തൊണ്ടർനാട്ടിൽ രോഗപ്പകർച്ച. കോഴിക്കോട് ജില്ലയിൽ നിന്നെത്തിയവരിൽ നിന്നാണ് കോട്ടത്തറയിൽ രോഗബാധയുണ്ടായത്. കൽപറ്റ റാട്ടക്കൊല്ലിയിൽ തുണി വ്യാപാരത്തിനു എത്തിയ തമിഴ്‌നാട് സ്വദേശിയിൽനിന്നാണ് രോഗം പകർന്നത്.
ജൂൺ 23 നു ബഹ്‌റൈനിൽ നിന്നെത്തിയ അമ്പലവയൽ സ്വദേശി (26), 26 നു ഹൈദരാബാദിൽനിന്നു വന്ന ബത്തേരി സ്വദേശി (49), 29 നു ദൽഹിയിൽ നിന്നെത്തിയ പള്ളിക്കുന്ന് സ്വദേശിനി (50), സൗദി അറേബ്യയിൽ നിന്നെത്തിയ കാര്യമ്പാടി സ്വദേശി (47), ജൂലൈ രണ്ടിനു ഖത്തറിൽ നിന്നെത്തിയ മുട്ടിൽ സ്വദേശി (43), ബംഗളൂരുവിൽനിന്നു വന്ന മേപ്പാടി സ്വദേശി (21), മൂന്നിനു ദുബായിൽ നിന്നെത്തിയ കൽപറ്റ സ്വദേശി (24), നാലിനു ദുബായിൽ നിന്നെത്തിയ മുട്ടിൽ സ്വദേശിനി (60), സൗദി അറേബ്യയിൽനിന്നു വന്ന ബത്തേരി സ്വദേശി (60), കർണാടകയിൽ നിന്നെത്തി തൊണ്ടർനാട്ട് താമസിച്ച് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 38 കാരന്റെ ഭാര്യ (35), മാതാവ് (64), രണ്ടു വയസ്സുള്ള രണ്ട് കുട്ടികൾ, 38 കാരന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ആറു വയസ്സുകാരി, 30 കാരൻ, അഞ്ചിനു ഖത്തറിൽ നിന്നെത്തിയ പൊഴുതന സ്വദേശി (35), മംഗളൂരുവിൽനിന്നു വന്ന പൂതാടി സ്വദേശി (53), അന്നു ചികിത്സയിലായ കൽപറ്റ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 28 കാരൻ, ആറിനു ഖത്തറിൽ നിന്നെത്തിയ പൊഴുതന സ്വദേശി (26), സൗദി അറേബ്യയിൽനിന്നു വന്ന പൊഴുതന സ്വദേശി (55), എട്ടിനു ബംഗളൂരുവിൽനിന്നു വന്ന പനമരം സ്വദേശികളായ 27 കാരി, അഞ്ചു വയസ്സുള്ള മകൾ, ഒമ്പതിനു ഹൈദരാബാദിൽ നിന്നുവന്ന മൂപ്പൈനാട് സ്വദേശി (29), ഒരു വയസ്സുള്ള കുട്ടി, 12 നു ഗൂഡല്ലൂരിൽനിന്നു സ്വന്തം വിവാഹത്തിനെത്തിയ എടവക സ്വദേശിനി (25), 13 നു ബംഗളൂരുവിൽനിന്നു വന്ന മീനങ്ങാടി സ്വദേശി(24),ചെതലയം സ്വദേശി (36), കോഴിക്കോട് ക്ലസ്റ്ററിൽനിന്നു വന്ന കോട്ടത്തറ സ്വദേശിനി (15) എന്നിവരിലാണ് പുതുതായി രോഗം കണ്ടെത്തിയത്.
പയ്യമ്പള്ളി സ്വദേശി (34), എടവക സ്വദേശി (29), ചെന്നലോട് സ്വദേശി (22), കണിയാമ്പറ്റ സ്വദേശി (36) എന്നിവരാണ് രോഗമുക്തി നേടിയത്.
ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 242 ആയി. 105 പേർ സുഖം പ്രാപിച്ചു. ജില്ലയിലും പുറത്തുമായി 136 പേർ ചികിൽസയിലുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്നലെ 88 പേരെ നിരീക്ഷണത്തിലാക്കി. 223 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ 3532 പേരാണ് നിരീക്ഷണത്തിൽ. ഇതുവരെ പരിശോധനയ്ക്കയച്ച 12,261 സാമ്പിളിൽ 10,477 ഫലം ലഭിച്ചതിൽ 10,235 എണ്ണം നെഗറ്റീവാണ്.
അതിനിടെ, ബത്തേരി നഗരസഭയിലെ 24 ാം വാർഡിലുള്ള ജൂബിലി റസ്റ്റോറന്റ്, ഇമേജ് മൊബൈൽ ഷോറൂം എന്നിവ ഉൾപ്പെടുന്ന കെട്ടിടങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ നിന്നു ഒഴിവാക്കി. കൽപറ്റ നഗരസഭയിലെ പതിനെട്ടാം വാർഡിൽ റാട്ടക്കൊല്ലി പണിയ കോളനി ഉൾപ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. എടവക പഞ്ചായത്തിലെ രണ്ടാം വാർഡും ചുണ്ടമുക്കും കണ്ടെയ്ൻമെന്റ് സോണിലാക്കി.