കൊണ്ടോട്ടി - വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനക്ക് എത്തിച്ച 15 ലക്ഷത്തിന്റെ മയക്കുമരുന്നുമായി രണ്ട് പേർ കൊണ്ടോട്ടിയിൽ ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡിന്റെ പിടിയിലായി. എടവണ്ണ വാളപറമ്പൻ അബ്ദുൽ ജസീൽ (24), മഞ്ചേരി പുൽപറ്റ അരിമ്പ്രത്തൊടിയിൽ മുഹമ്മദ് ജുനൈദ് (25) എന്നിവരാണ് അറസ്റ്റിലയാത്. ഇവരിൽ നിന്ന് മാരക ഇനത്തിൽ പെട്ട മെറ്റാ ആംഫീറ്റമീൻ മയക്കുമരുന്നിന്റെ 34 പാക്കറ്റുകൾ കണ്ടെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇരു ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവർ. പ്രതികളെ ഒരു മാസമായി നിരീക്ഷിച്ചു വരികയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
നാലു ദിവസം മുമ്പ് ബംഗളൂരുവിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ മൊഴി നൽകി. ബംഗളൂരുവിൽ നിന്ന് പച്ചക്കറി വാഹനത്തിൽ കയറിയാണ് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയത്. നൂറ് ഗ്രാമിൽ താഴെ തൂക്കം വരുന്ന ചെറിയ പാക്കറ്റുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. 21 ഗ്രാമിന്റെ 34 മയക്കുമരുന്ന് പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഒരു ഗ്രാമിന്മേൽ തന്നെ മൂവായിരം മുതൽ നാലായിരം രൂപവ വരെ ലാഭത്തിനാണ് മയക്കുമരുന്ന് വിൽക്കുന്നത്. കൊണ്ടോട്ടി ബൈപാസ് റോഡിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ഈ സമയത്തും ഇവർ ലഹരിയിലായിരുന്നു. നിരവധി തവണ സംഘം ലഹരി വിൽപന നടത്തിയെങ്കിലും പിടിയിലാകുന്നത് ഇതാദ്യമായാണ്.
ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസൻ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി സി.ഐ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാറ്റൂർ, ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, കൊണ്ടോട്ടി സ്റ്റേഷനിലെ മോഹനൻ, പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.