ന്യൂഡല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ രാജസ്ഥാനി യുവതിയുടെ വേറിട്ട സമരം ഒരു മാസം പിന്നിടുന്നു. ജയ്പൂരില്‍ നിന്ന് പ്രധാനമന്ത്രിയുട ആസ്ഥാനത്തെത്തി നടത്തുന്ന ഈ അസാധാരണ സമരം സെപ്തംബര്‍ എട്ടിനാണ് തുടങ്ങിയത്. പ്രധാനമന്ത്രി ഒറ്റയ്ക്കാണെന്നും കുറെ ജോലികള്‍ ചെയ്തു തീര്‍ക്കാനുള്ള അദ്ദേഹത്തിന് ഒരു സഹായം ആയിക്കോട്ടെ എന്നു കരുതിയാണ് താനീ വിവാഹത്തിന് ഇറങ്ങി പുറപ്പെട്ടതെന്ന് 40-കാരിയായ ഓം ശാന്തി ശര്‍മ പറയുന്നു.
'ഞാന്‍ നേരത്തെ വിവാഹിതയായിരുന്നു. അത് അധിക കാലം നീണ്ടില്ല. വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് കഴിയുന്നത്. കുറെ വിവാഹാലോചനകള്‍ മുടക്കിയാണ് ഞാന്‍ മോഡിജിയെ വിവാഹം കഴിക്കാന്‍ എത്തിയിരിക്കുന്നത്,' യുവതി പറഞ്ഞു. ഈ ആഗ്രഹത്തിനു പിന്നില്‍ വ്യക്തമായ കാരണവും ഇവര്‍ക്കുണ്ട്. 'ഇത്തരമൊരു സമരവുമായി രംഗത്തുവന്നതിന് ആളുകള്‍ എനിക്ക് വട്ടാണെന്ന് പറയും. എനിക്ക് ഒരു കുഴപ്പവുമില്ല. അദ്ദേഹത്തെ കാണാന്‍ ആരും എന്നെ അനുദവിച്ചെന്നും വരില്ല. പക്ഷെ അദ്ദേഹത്തിന് സഹായം ആവശ്യമാണെന്ന് എനിക്കറിയാം. ഇദ്ദേഹവും എന്നെപോലെ ഒറ്റയ്ക്കാണ്,' ഓം ശാന്തി പറയുന്നു.
'ഇതുകേള്‍ക്കുമ്പോള്‍ ആളുകള്‍ എന്നെ നോക്കി ചിരിക്കും. മോഡിയോടുള്ള ബഹുമാനം കൊണ്ടാണ് വിവാഹം ആഗ്രഹിക്കുന്നത്. അദ്ദേഹത്തിനുവേണ്ടതൊക്കെ എന്റെ പക്കല്‍ ഉണ്ടായത് കൊണ്ടല്ല,' യുവതി പറയുന്നു. ആദ്യ വിവാഹത്തില്‍ 20 വയസ്സുള്ള ഒരു മകളുള്ള തനിക്ക് ധാരാളം സ്വത്തും ജീവിക്കാനുള്ള വകയുമുണ്ടെന്നും ഇവര്‍ പറയുന്നു.
സ്വത്തില്‍ അല്‍പ്പം വിറ്റ് മോഡിക്ക് കുറച്ച് സമ്മാനങ്ങളൊക്കെ വാങ്ങിക്കൊടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരുമാസമായി തുടരുന്ന സമരവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ഇവരുടെ പദ്ധതി. ജന്തര്‍ മന്ദറിലെ പൊതു ശൗചാലയവും ഭക്ഷണത്തിന് സമീപത്തെ ഗുരുദ്വാരകളും ക്ഷേത്രങ്ങളുമായി ആശ്രയം. ജന്തര്‍ മന്ദറില്‍ നിന്ന് സമരക്കാരെയെല്ലാം ഒഴിപ്പിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി വന്ന പശ്ചാത്തലത്തില്‍ സമരം വേദി ഇനി എങ്ങോട്ടു മാറ്റുമെന്ന ആശങ്കയിലാണിവര്‍. മോഡിജി തന്നെ കാണാതെ ഡല്‍ഹി വിടില്ലെന്ന വാശിയിലാണിവര്‍.