വാഷിങ്ടൻ- ഇന്ത്യക്കും ചൈനക്കുമിടയിൽ സമാധാനം സാധ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളെ സ്‌നേഹിക്കുന്നതായും ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലെ മക്‌നാനി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലഡാക്കിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ട്രംപിന്റെ സന്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മക്‌നാനി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രംപിന്റെ അടുത്ത സുഹൃത്താണെന്നും ഇന്ത്യ മികച്ച സഖ്യകക്ഷിയാണെന്നും വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്‌ലോ പറഞ്ഞു.
വൈറ്റ് ഹൗസിന്റെ പ്രസ്താവനയെ ട്രംപ് വിക്ടറി ഇന്ത്യൻ അമേരിക്കൻ ഫിനാൻസ് കമ്മിറ്റിയുടെ കോചെയർ അൽ മേസൺ സ്വാഗതം ചെയ്തു. തന്റെ മുൻഗാമികളിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയെ പിന്തുണച്ച് ട്രംപ് പരസ്യമായി രംഗത്തെത്തിയതായി അൽ മേസൺ പറഞ്ഞു. ചൈനയെ വേദനിപ്പിക്കുമെന്ന ഭയത്താൽ ഇന്ത്യയുമായി പരസ്യ പക്ഷപാതിത്വം പുലർത്താൻ മുൻ പ്രസിഡന്റുമാർ ധൈര്യപ്പെട്ടിട്ടില്ല. ഇന്ത്യയോടും ഇന്ത്യൻ അമേരിക്കക്കാരോടുമുള്ള സ്‌നേഹത്തിൽ ട്രംപ് സ്ഥിരത പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.