Sorry, you need to enable JavaScript to visit this website.

വിമതനീക്കങ്ങള്‍ മറക്കാവുന്നതേയുള്ളൂ; സച്ചിന് ദേശീയ നേതൃത്വം വാഗ്ദാനം ചെയ്ത് പി ചിദംബരം

ന്യൂദല്‍ഹി-രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ സച്ചിന്‍ പൈലറ്റ് രാഷ്ട്രീയ ഉപദേശം തേടാന്‍ മുതിര്‍ന്ന നേതാവ് പി ചിദംബരത്തെ വിളിച്ചതായി റിപ്പോര്‍ട്ട്. വിമത നീക്കത്തെ തുടര്‍ന്ന് തന്നെയും എംഎല്‍എമാരെയും പാര്‍ട്ടി നിയമസഭയില്‍ അയോഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് സച്ചിന്‍ പൈലറ്റ് പി ചിദംബരവുമായി സംസാരിച്ചത്. അശോക് ഗെലോട്ടുമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് ശേഷം നിരവധി നേതാക്കളാണ് പ്രശ്‌ന പരിഹാരത്തിനായി സച്ചിന്‍ പൈലറ്റുമായി ചര്‍ച്ചയ്ക്ക് എത്തിയത്.

താനുമായി സച്ചിന്‍ പൈലറ്റ് സംസാരിച്ചതായും എല്ലാ വിഷയങ്ങളും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും അവസരം പ്രയോജനപ്പെടുത്തണമെന്ന് ഉപദേശിച്ചതായും പി ചിദംബരം അറിയിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ പലരും സച്ചിനുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ആദ്യമായാണ് പൈലറ്റ് സ്വമേധയാ ഒരു മുതിര്‍ന്ന നേതാവുമായി ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടത്തുന്നത്.

സച്ചിനും എംഎല്‍എമാരും നടത്തിയ വിമത നീക്കങ്ങള്‍ മറക്കാവുന്നതേയുള്ളൂവെന്ന നിലപാടാണ് പി ചിദംബരത്തിനുള്ളത്. അദ്ദേഹത്തിനെതിരായ കേസ് വെറും സാങ്കേതികത മാത്രമാണെന്ന് ചിദംബരം സച്ചിനെ അറിയിച്ചു.അതേസമയം സച്ചിന്‍ പൈലറ്റിനെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാമെന്ന വാഗ്ദാനം ചിദംബരം നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 

Latest News