തൃശൂര്‍- സംസ്ഥാനത്ത് രണ്ട് പേരുടെ മരണം കൂടി കോവിഡ് ബാധ മൂലമെന്ന് റിപ്പോര്‍ട്ട്. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജു(42),വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറിന്‍ എന്നിവരുടെ മരണം കോവിഡ് ബാധ മൂലമാണെന്ന് തെളിഞ്ഞു. ബുധനാഴ്ചയാണ് ഷിജുവിനെ ശ്വാസതടസത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സംഭവിച്ചു. ഇതിന് ശേഷം നടത്തിയ ട്രൂനാറ്റ്,പിസിആര്‍ ടെസ്റ്റുകളില്‍ കോവിഡ് ഫലം പോസിറ്റീവായി.
അതേസമയം ഷിജുവിന് രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കം ഇരുപത് പേര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ കന്യാസ്ത്രീയെ പനിയെ തുടര്‍ന്നാണ് ബുധനാഴ്ച പഴങ്ങനാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാത്രിയോടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മരിച്ചു. സിസ്റ്റര്‍ ക്ലെയറിന് രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് പരിശോധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. കന്യാസ്ത്രീ മഠത്തിലെ 17 പേരും ആശുപത്രിയിലെ ഡോക്ടറും നിരീക്ഷണത്തിലാണ്.