യു.പിയില്‍ തോക്കു ചൂണ്ടി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു

ലക്‌നൗ- ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ ഭര്‍തൃമതിയായ യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി നാലു പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. കുട്ടിയെ ഡോക്ടറെ കാണിച്ച് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ തിരികെ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമികള്‍ വഴിയില്‍ തടഞ്ഞ് 25-കാരിയായ യുവതിയെ പീഡിപ്പിച്ചത്. കാറില്‍ സ്‌കൂട്ടറിനെ പിന്തുടര്‍ന്ന ആക്രമികള്‍ വിജനമായ സ്ഥലത്ത് വെച്ച് ഇവരെ തടഞ്ഞ് ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നു. 

 

ആക്രമികള്‍ തോക്കു ചൂണ്ടി യുവതിയെ തൊട്ടടത്തു കരമ്പിന്‍തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവങ്ങള്‍ക്കിടെ ഉറക്കെ കരഞ്ഞ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദമ്പതികളെ ആക്രമികള്‍ കീഴടക്കിയത്. ക്രൂരമായി പീഡിപ്പിച്ച ശേഷം സംഭവം പോലീസിനെ അറിയിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. 

 

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അക്രമത്തിനിരയായ യുവതിയേയും ഭര്‍ത്താവിനേയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. പ്രതികളെ പിടികൂടിയിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

Latest News