നാഗ്പൂര്‍- കോവിഡ് സംശയിക്കുന്നയാളോടൊപ്പം ഭര്‍ത്താവാണെന്ന് തെറ്റിദ്ധരിപ്പിച്ച് പോലീസുകാരിയായ കാമുകിയും ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിച്ചു. നാഗ്പൂരിലാണ് സംഭവം. മൂന്ന് ദിവസമായി ഭര്‍ത്താവ് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് യ്ഥാര്‍ഥ ഭാര്യ അന്വേഷിച്ചിറങ്ങിയപ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്.
കോവിഡ് സംശയത്തെ തുടര്‍ന്ന് ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടയാള്‍ തന്റെ ഭര്‍ത്താവാണെന്ന് പോലീസുകാരി അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സഹപ്രവര്‍ത്തകക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അവിവാഹിതയായ പോലീസുകാരിയോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നത്. തപാല്‍ വകുപ്പ് ജീവനക്കാരനും പോലീസുകാരിക്കും പോലീസ് പരിശീലന കേന്ദ്രത്തിലാണ് ഒരുമിച്ച് താമസസൗകര്യം അനുവദിച്ചത്.
ഭര്‍ത്താവിനെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച കാര്യം യഥാര്‍ഥ ഭാര്യ അറിഞ്ഞിരുന്നില്ല. മൂന്ന് ദിവസം വിഷമിച്ച അവര്‍ ഭര്‍ത്താവും കാമുകിയും ഒരുമിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തുകയായിരുന്നു. കാവല്‍ക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് അവര്‍ ബജാജ് നഗര്‍ പോലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെ സംഭവം അന്വേഷിക്കാന്‍ പോലീസ് കമ്മീഷണര്‍ ഡോ. ഭൂഷണ്‍കുമാര്‍ ഉപാധ്യായ നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒരു സര്‍ക്കാര്‍ പദ്ധതിക്കിടെയാണ് വനിതാ കോണ്‍സ്റ്റബിള്‍ ഇയാളെ കണ്ടുമുട്ടിയതെന്നും തുടര്‍ന്ന് ഇരുവരും ബന്ധം തുടങ്ങിയെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിനു ശേഷം ഇരുവരേയും വെവ്വേറ കേന്ദ്രത്തിലേക്ക് മാറ്റി.