Sorry, you need to enable JavaScript to visit this website.

സ്വര്‍ണനിറം കാവിയും പച്ചയുമെന്ന് കോടിയേരി; ഇനിയും ഒരു ചാരക്കേസ് വേണ്ട

തിരുവനന്തപുരം-  സ്വര്‍ണത്തിനു നിറം കാവിയും പച്ചയുമാണെന്നാണ്
സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കാവി ബിജെപിയെയും പച്ച ചില തീവ്രവാദി സംഘടനകളെയും അവയുമായി സഹകരിക്കുന്ന മുസ്ലിംലീഗിനെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം ദേശാഭിമാനിയില്‍ എഴുതിയ ഇനിയുമൊരു ചാരക്കേസോ എന്ന ലേഖനത്തില്‍ പറയുന്നു.
സ്വര്‍ണക്കടത്ത് കേസിനെ പരാമര്‍ശിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞത് കേരളത്തില്‍ വരുന്ന സ്വര്‍ണത്തിന് ചുവപ്പ് നിറമാണെന്നാണ്.
സ്വര്‍ണക്കടത്തിന്റെ മറവില്‍ ഏതെങ്കിലും സമുദായത്തെയോ ജില്ലയെയോ പ്രദേശത്തെയോ അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ല. അത്തരം പ്രവണതകളെ കമ്യൂണിസ്റ്റുകാര്‍ നഖശിഖാന്തം എതിര്‍ക്കും. എന്നാല്‍, ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ള തീവ്രവാദികളെയും അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒത്താശക്കാരെയും അന്വേഷണ ഏജന്‍സികള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ കുറ്റവാളികള്‍ക്ക് സംരക്ഷണകവചം തീര്‍ക്കുന്നവരെ പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്.

കസ്റ്റംസിന് പുറമെ എന്‍ഐഎ അന്വേഷണം വന്നത് നയതന്ത്ര കള്ളക്കടത്തിനൊപ്പം കള്ളക്കടത്ത് പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്നുവെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ കേസിന്റെ എല്ലാ വസ്തുവകകളെയും പ്രതികളെയും പുറത്തുകൊണ്ടുവരുന്നതിനാണ് യുക്തമായ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. എന്‍ഐഎപോലുള്ള ഏജന്‍സികളെ മോഡിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ദുരുപയോഗിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാരിനോട് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ശരിയാണോയെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ചട്ടുകമാക്കുന്നതില്‍ മോഡി സര്‍ക്കാരിന് അതിവൈഭവമുണ്ട് എന്നത് നേരാണ്. അത് ഞങ്ങള്‍ മറക്കുന്നില്ല. അതുള്ളപ്പോള്‍ത്തന്നെ തിരുവനന്തപുരം കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സ്വാഗതംചെയ്തത് ഈ സംഭവങ്ങളില്‍ എല്‍ഡിഎഫിനും സര്‍ക്കാരിനും ഭയക്കാന്‍ തരിമ്പുപോലും കാര്യമില്ല എന്നതുകൊണ്ടാണ്. ഒളിച്ചുവയ്ക്കാനോ മറച്ചുവയ്ക്കാനോ ഒന്നുമില്ല. കേസില്‍പ്പെട്ട ഏതു വമ്പനേയും കൊമ്പനേയും പിടിച്ചുകൊള്ളട്ടെ, ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വരെ അന്വേഷിച്ചുകൊള്ളട്ടെ എന്ന ധീരമായ പ്രഖ്യാപനം അതിനാലാണ് മുഖ്യമന്ത്രി നടത്തിയത്.
ഇപ്പോള്‍ ആക്ഷേപവിധേയനായ ശിവശങ്കര്‍ യുഡിഎഫ് ഭരണകാലത്ത് മര്‍മപ്രധാനമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ്. ഭരണശേഷിയുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന പരിഗണനയിലാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റമുണ്ടായി. അതുകൊണ്ടാണ് ആക്ഷേപം വന്നയുടനെ ഒരു അന്വേഷണത്തിനും കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയത്.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള അരാജകസമരങ്ങള്‍ ചില സ്ഥലങ്ങളില്‍ നടത്തുന്നുണ്ട്. പണ്ട് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്പിച്ച അനുഭവം ഉണ്ട്. അത് കോണ്‍ഗ്രസിലെയും യുഡിഎഫിലെയും കൊട്ടാരവിപ്ലവത്തിന്റെ കാലത്തായിരുന്നു. അതിനുവേണ്ടി ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലായിരുന്നു കെ കരുണാകരന്റെ രാജി. അത്തരമൊരു അവസ്ഥ ഇന്ന് ഉണ്ടാകുമെന്ന് കോണ്‍ഗ്രസുകാര്‍ കരുതേണ്ട. കോവിഡ് പ്രതിരോധത്തില്‍ ലോകമാതൃകയായി കേരളത്തെ നയിക്കുന്ന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കളങ്കമില്ലാത്ത സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ ചമച്ച്, അരാജകസമരം നടത്തി സര്‍ക്കാരിനെ തകര്‍ക്കാമെന്ന് കരുതേണ്ട. പിണറായി സര്‍ക്കാരിനൊപ്പം പാര്‍ടിയും മുന്നണിയും ഒറ്റക്കെട്ടായി ഉണ്ട്- കോടിയേരി ലേഖനത്തില്‍ തുടര്‍ന്നു.

 

Latest News