Sorry, you need to enable JavaScript to visit this website.

പത്മരാജന് ജാമ്യം: സി.പി.എം-ബി.ജെ.പി  ഒത്തുതീർപ്പ് -വെൽഫെയർ പാർട്ടി

തിരുവനന്തപുരം- പാലത്തായി ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജന് ജാമ്യം കിട്ടിയത് കേരളത്തിൽ സി.പി.എം ബി.ജെ.പിയുമായി നടത്തിയ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ പ്രകടമായ വെളിപ്പെടുത്തലാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. സംഘ്പരിവാർ നേതാക്കൾ പ്രതികളായ നിരവധി കേസുകളിൽ നേരത്തെ ഇതാവർത്തിച്ചിട്ടുണ്ട്. റിയാസ് മൗലവി വധം, കൊടിഞ്ഞി ഫൈസൽ വധം അടക്കമുള്ള കേസുകളിലെല്ലാം സംഘ്പരിവാറുകാരായ പ്രതികൾക്ക് രക്ഷപ്പെടാനോ ലഘുവായ ശിക്ഷ മാത്രം ലഭിക്കാനോ ഉള്ള പഴുതുകളാണ് ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉണ്ടായിട്ടുള്ളത്. ദളിതരും മുസ്‌ലിംകളും ഇരകളാകുന്ന എല്ലാ കേസുകളിലും കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കുന്നുണ്ട്. വാളയാർ കേസും വിനായകന്റെ കസ്റ്റഡി മർദനം അടക്കം നിരവധി സംഭവങ്ങളുമുണ്ട്. സി.പി.എമ്മും സംഘ്പരിവാറും തമ്മിൽ രൂപപ്പെട്ട ഒത്തുതീർപ്പ് രാഷ്ട്രീയം കേരളത്തെ അപകടപ്പെടുത്തും. കേരളത്തിലെ മതേതര പൊതുസമൂഹം ഈ അപകടം തിരിച്ചറിയണം. പാലത്തായിലെ പെൺകുട്ടിക്ക് നീതി ലഭിക്കാൻ കേരള ജനത ഒന്നടങ്കം ജാഗരൂഗരാകുകയും ബാലികാ പീഡകരായ കശ്മലൻമാരെ സംരക്ഷിക്കുന്ന കേരള സർക്കാരിനെതിരെ പ്രതിഷേധമുയർത്തുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Latest News