Sorry, you need to enable JavaScript to visit this website.

സന്ദീപ് നായരുടെ ബാഗിൽ  നിന്ന് സുപ്രധാന തെളിവുകൾ

കൊച്ചി- ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വർണക്കടത്ത് നടത്തിയ കേസിൽ പിടിയിലായ പ്രതി സന്ദീപ് നായരുടെ ബാഗിൽ നിന്നും നിരവധി നിർണായക രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. കേരളത്തിനു പുറത്തുള്ള സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ, വിദേശ കറൻസികൾ, വിവരങ്ങൾ രേഖപ്പെടുത്തിയ ഡയറി, ബാങ്ക് ഡെപ്പോസിറ്റ് രേഖകൾ അടക്കമുള്ളവയാണ് ബാഗിൽ ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഈ രേഖകൾ എൻ.ഐ.എ സംഘം പരിശോധിച്ചു വരികയാണ്. ബാംഗ്ലൂരിൽ നിന്നും സന്ദീപ് നായർ അറസ്റ്റിലായപ്പോൾ ഇയാളിൽ നിന്നും എൻ.ഐ.എ സംഘം ബാഗും പിടിച്ചെടുത്തിരുന്നു. ഈ ബാഗിൽ നിർണായകമായ പല രേഖകളും ഉണ്ടെന്ന് സന്ദീപ് നായിരിൽ നിന്നും എൻ.ഐ.എ സംഘത്തിന് വിവരം ലഭിച്ചതോടെ ബാഗ് സീൽ ചെയ്ത് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ അന്വേഷണ സംഘം ഹാജരാക്കുകയും ജഡ്ജിയുടെ സാന്നിധ്യത്തിൽ ബാഗ് തുറന്ന് പരിശോധിക്കണമന്നാവശ്യപ്പെട്ട് അന്വേഷണം സംഘം കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജിയുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകുന്നേരം ബാഗ് തുറന്നു പരിശോധിച്ചു.

വൈകിട്ടു 4 മണിക്കു തുടങ്ങിയ പരിശോധന 7 നാണ് അവസാനിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ, എൻ.ഐ.എ പ്രോസിക്യൂട്ടർ, കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷക എന്നിവർ സന്നിഹിതരായിരുന്നു. ബാഗിൽ നിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ സംഘം പ്രതി സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും ചോദ്യം ചെയ്തു വരികയാണെന്നാണ് അറിയുന്നത്്. ഈ മാസം 21 ന് രാവിലെ 11 വരെയാണ് ഇവരെ എൻ.ഐ.എയുടെ കസ്റ്റഡിയിൽ കോടതി നൽകിയിരിക്കുന്നത്. ഒപ്പം കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ അറസ്റ്റ് എൻ.ഐ.എ അന്വേഷണം സംഘം ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു. സരിത്തിനെ കസ്റ്റഡിയിൽ കിട്ടാൻ എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സരിത്തിനെക്കൂടി കസ്റ്റഡിയിൽ കിട്ടുന്നതോടെ മൂന്നു പ്രതികളെയും എൻ.ഐ.എ സംഘം ഒരുമിച്ച് ചോദ്യം ചെയ്യും.

Latest News