കാസർകോട് - കോവിഡ് അതിവേഗം പടരുകയും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്തതോടെ കാസർകോട് ജില്ല കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. ഇന്ന് മുതൽ പൊതുഗതാഗതം നിരോധിച്ചു. കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ്.
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലുടനീളം ഇന്ന് മുതൽ ജൂലൈ 31 വരെപൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായിജില്ലാ കലക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു.
കെ.എസ്.ആർ.ടി.സി ബസുകൾ, സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. നിയന്ത്രണം സംബന്ധിച്ച കൂടുതൽ നടപടികൾ പോലീസ് കൈക്കൊള്ളും.
കോവിഡ് രോഗികളുടെ എണ്ണത്തിൽ നിത്യേന ഉണ്ടാകുന്ന വർധനവിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരംഭിച്ചു. ഇതിന്റെ ഭാഗമായി പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ചെമ്മനാട്പരവനടുക്കത്ത് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ രണ്ട്ഹോസ്റ്റൽ ബ്ലോക്കുകളാണ്250പേരെ കിടത്തി ചികിത്സാ സൗകര്യമുള്ള ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആക്കി മാറ്റിയത്. ഉക്കിനടുക്ക മെഡിക്കൽ കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന ട്രീറ്റ്‌മെന്റ് സെന്റർ ആയിട്ടാണ് ഈ സ്ഥാപനത്തെ മാറ്റിയെടുക്കുന്നത്.
വിവിധ യുവജന സംഘടനകളുടെയുംആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ്രണ്ടു ദിവസത്തിനുള്ളിൽ ചികിത്സാ കേന്ദ്രത്തിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയത്. നിലവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ബെഡ്ഡുകൾ ഉള്ള ചികിത്സാ കേന്ദ്രമായി മാറുകയാണ് ഈ സി.എഫ്.എൽ.ടി.സി. ചികിത്സാ കേന്ദ്രത്തിലേക്ക്ആവശ്യമായ ഡോക്ടർമാർ, നഴ്‌സുമാർ മറ്റു പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലി ക്രമീകരണ അടിസ്ഥാനത്തിൽ ഇവിടേക്ക് നിയമിച്ചിട്ടുണ്ട്. ചട്ടഞ്ചാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.കായിഞ്ഞിയാണ്സി.എഫ്.എൽ.ടി.സിയുടെ നോഡൽ ഓഫീസർ. സി.എഫ്.എൽ.ടി.സി തയാറാക്കുന്ന പ്രവർത്തനങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രാമൻ സ്വാതിവാമൻ, സി.എഫ്.എൽ.ടി.സി ജില്ലാ നോഡൽ ഓഫീസർ ഡോ.റിജിത് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.