പഞ്ച്കുള- ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ് സ്ത്രീപീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാനയിലെ പഞ്ച്കുളയില്‍ ആക്രമം അഴിച്ചുവിടാന്‍ അനുയായികള്‍ക്ക് ഹണിപ്രീത് ഇന്‍സാന്‍ 1.25 കോടി രൂപ വിതരണം ചെയ്തുവെന്ന് ഹരിയാന പോലീസ്.
ഗുര്‍മീതിന്റെ വളര്‍ത്തു മകളെന്നും തോഴിയെന്നും പറയപ്പെടുന്ന ഹണിപ്രീതിനെയും കേസില്‍ പിടിയിലായ മറ്റു പ്രതികളേയും ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഇതനു തെളിവുകളുണ്ടെന്നും പോലീസ് പറഞ്ഞു. ഗുർമീതിനെ കോടതി ശിക്ഷിച്ച ഓഗസ്റ്റ് 25-നാണ് പഞ്ച്കുളയില്‍ വ്യാപക അതിക്രമങ്ങളുണ്ടായത്. സംഭവത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വലിയ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു.
36-കാരിയായ പ്രിയങ്ക തനേജ എന്ന ഹണിപ്രീതിനെ അഞ്ചു ദിവസം മുമ്പാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ, ചോദ്യം ചെയ്യലിനോട് ഹണിപ്രീത് സഹകരിക്കുന്നില്ലെന്ന് പഞ്ച്കുള പോലീസ് കമ്മീഷണര്‍ എ എസ് ചാവ്‌ല പറഞ്ഞു. ബത്തിന്‍ഡയില്‍ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ ഹണിപ്രീത് അന്വേഷണ ഉദ്യോഗസ്ഥരുടെ ദിശ മാറഅറിയതായും അദ്ദേഹം പറഞ്ഞു. അവരുടെ സഹായി സുഖ്ദീപ് കൗറും സഹകരിക്കുന്നില്ല.
സംഭവത്തിനു ശേഷം മുങ്ങിയ ഹണിപ്രീതിനെതിരെ നേരത്തെ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇപ്പോള്‍ പോലീസ് കസ്റ്റഡയിലാണിവര്‍. ആദ്യം ഒന്നുമറിയാത്ത പോലെ നടിച്ച ഹണിപ്രീത് അന്വേഷണ ഉദ്യോഗസ്ഥരോട് നല്ലരീതിയിലല്ല പെരുമാറുന്നതെന്നും പൊലീസ് പറയുന്നു. വസ്തുകളും തെളിവുകളും തന്റെ മൊഴികള്‍ക്കെതിരായപ്പോള്‍ അവര്‍ സഹരിക്കാതായി. ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരുമെന്നും ഇതില്‍ പങ്കുള്ള മുഴുന്‍ ആളുകളേയും അവരുടെ സ്ഥാനമാനങ്ങള്‍ നോക്കാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.