Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ 37 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കണ്ണൂർ - രണ്ടു ദിവസത്തെ ഇടവേളക്കു ശേഷം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. കാസർകോട് സ്വദേശികളായ നാല് പേരിൽ നിന്ന് പിടികൂടിയത് 725 ഗ്രാം തൂക്കമുള്ള 37 ലക്ഷം രൂപ വില മതിക്കുന്ന സ്വർണം. കണ്ണൂർ വിമാനത്താവളത്തിൽ ഈ മാസം ഇതുവരെ പിടികൂടിയത് രണ്ട് കോടിയോളം രൂപയുടെ സ്വർണമാണ്. 


ഇന്നലെ പുലർച്ചെ 1.15 ന് ഷാർജയിൽ നിന്നെത്തിയ വിമാനത്തിലുണ്ടായിരുന്ന നാല് പേരിൽ നിന്നാണ് ആഭരണങ്ങളും സ്വർണ മിശ്രിതവുമായി 725 ഗ്രാം സ്വർണം പിടികൂടിയത്. സ്വർണം ക്രൂഡ് രൂപത്തിലും പൊടി രൂപത്തിലും ആഭരണങ്ങളായും നാണയങ്ങളായും കട്ടികളായും പാന്റിന്റെ അരക്കെട്ടിലും ശരീരത്തിലും ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ ചെങ്ങള സ്വദേശി കേമ്പല സിദ്ദീഖ്, കാഞ്ഞങ്ങാട് സ്വദേശി മാടമ്പിലാത്ത് ഇർഷാദ്, ചട്ടഞ്ചാൽ സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദർ, പെരിയ സ്വദേശി മാണിമൂല അബ്ദുല്ല മുഹമ്മദ് റിയാസ് എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, പി.സി. ചാക്കോ, നന്ദകുമാർ, ഇൻസ്‌പെക്ടർമാരായ ദിലീപ് കൗശൽ, മനോജ് യാദവ്, ജോയ് സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട സംഘമാണ് സ്വർണം പിടികൂടിയത്. മെയ് മാസത്തിൽ 1.9 കോടി വിലവരുന്ന മൂന്ന് കിലോ 835 ഗ്രാം സ്വർണം കണ്ണൂർ വിമാനത്തവാളത്തിൽ പിടികൂടിയിരുന്നു. 12 കേസുകളിലായാണ് ഇവ കസ്റ്റംസ് പിടികൂടിയത്.

 

Latest News