കൊലപാതകവും തട്ടിക്കൊണ്ടുപോകലും; കശ്മീരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീതിയില്‍

ശ്രീനഗര്‍- കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലും ജമ്മു കശ്മീരില്‍ ബി.ജെ.പി നേതാക്കളേയും പ്രവര്‍ത്തകരേയും ഒരുപോലെ ഭീതിയിലാക്കുന്നു.
കഴിഞ്ഞയാഴ്ച ബി.ജെ.പി നേതാവ് വസിം ബാരിയും രണ്ട് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീതിയോടെയാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബാരാമുല്ലയില്‍നിന്ന് ഒരു ബി.ജെ.പി നേതാവിനെ തട്ടിക്കൊണ്ടു പോയെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാന്‍ പോലീസിനു കഴിഞ്ഞു.
കൊലപാതകങ്ങള്‍ക്കും തട്ടിക്കൊണ്ടു പോകലിനും പിറകെ ബി.ജെ.പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിരവധി ഭീഷണി സന്ദേശങ്ങളും ലഭിക്കുന്നു. ഏതാനും നേതാക്കള്‍ സ്ഥാനം രാജിവെച്ചുവെന്നും മറ്റു ചിലര്‍ രാജിക്ക് ഒരുങ്ങുകയാണെന്നും പ്രവര്‍ത്തകരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എല്ലാവര്‍ക്കും എങ്ങനെ സംരക്ഷണം നല്‍കുമെന്ന ചോദ്യമാണ് പോലീസ് ഉന്നയിക്കുന്നത്. കശ്മീര്‍ സാധാരണ സ്ഥലമല്ലെന്നും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വലിയ സമ്മര്‍ദത്തിലും അപകടത്തിലുമാണ് കഴിയുന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആവശ്യപ്പെട്ടവര്‍ക്കെല്ലാം സംരക്ഷണം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരില്‍ 90,000 സുരക്ഷാ ഉദ്യോഗസ്ഥരാണുള്ളതെന്നും താഴ് വരയിലുള്ള എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും വ്യക്തികളെന്ന നിലയില്‍ സംരക്ഷണം അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ട മുന്‍മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും നിലവില്‍ സംരക്ഷണം നല്‍കുന്നുണ്ട്.  
 

 

Latest News