ബിഹാറില്‍ ഒരുമാസം തികയും മുമ്പ് പാലം തകര്‍ന്നു; എലികളെ പഴിക്കരുതെന്ന് പ്രതിപക്ഷം

പട്‌ന- ബിഹാറില്‍ 263.48 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലം ഒരു മാസം പൂര്‍ത്തിയാകുന്നതിനുമുമ്പ് തകര്‍ന്നു. ഗോപാല്‍ഗഞ്ച് ജില്ലയിലെ സട്ടാര്‍ഗഡ് പാലമാണ് തകര്‍ന്നത്. എട്ടുവര്‍ഷമെടുത്ത് നിര്‍മിച്ച പാലം ജൂണ്‍ 16 നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തിരുന്നത്.

വന്‍ അഴിമതിക്ക് എലികളെ കുറ്റപ്പെടുത്തരുതെന്ന പരിഹാസവുമായി രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവും ബിഹാര്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മോഹന്‍ ഝായും നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തുവന്നു.

ബിഹാറില്‍ പ്രളയത്തിനുകാരണം എലികള്‍ പാലം തുരുന്നതിനാലാണെന്ന് 2017 ല്‍ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ഒരു മന്ത്രി പ്രസ്താവിച്ചിരുന്നു. പിടികൂടിയ മദ്യക്കുപ്പികള്‍ സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍നിന്ന് അപ്രത്യക്ഷമാകുന്നതിനു പിന്നില്‍ എലികളാണെന്ന പോലീസിന്റെ വാദവും വിവാദമായിരുന്നു.

 

Latest News