മലപ്പുറം-കോവിഡ് ചികിൽസക്കായി കാലിക്കറ്റ് സർവകലാശാല കാമ്പസിൽ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങി. 1200 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സർവകലാശാലാ വനിത ഹോസ്റ്റലിലാണ് ഒരുക്കിയത്. 10 ഡോക്ടർമാർ, 50 നഴ്‌സുമാർ, ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നതിനായി 50 ട്രോമ കെയർ വളണ്ടിയർമാർ എന്നിവരടങ്ങുന്ന സംഘത്തിന്റെ സദാസമയ സേവനം ഇവിടെ ലഭ്യമാകും.
സർവകലാശാല ലേഡീസ് ഹോസ്റ്റലിലെ മൂന്നു കെട്ടിട സമുച്ചയങ്ങളിലായാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ സൗജന്യ ഭക്ഷണത്തിന് പുറമെ മാനസിക സംഘർഷം ഇല്ലാതാക്കാൻ സർവകലാശാലാ സഹായത്തോടെ ഇന്റർനെറ്റ് സൗകര്യവും മറ്റ് വിനോദ ഉപാധികളും ലഭ്യമാക്കും. പ്രാഥമിക ചികിത്സ സൗകര്യവുമുണ്ടാകും. രോഗികൾക്കുള്ള ഭക്ഷണം കൃത്യസമയങ്ങളിലായി ലഭ്യമാക്കാൻ സർവകലാശാലാ ഹോസ്റ്റൽ ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായരും എന്നാൽ രോഗം ഗുരുതരമല്ലാത്തവരുമായ മലപ്പുറം ജില്ലക്കാരെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ഒരു മുറിയിൽ നാല് പേർക്കാണ് പ്രവേശനം. ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിലും ഗുരുതരാവസ്ഥയിലുള്ളവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കും.
രോഗികളെ എ, ബി, സി എന്നീ വിഭാഗങ്ങളാക്കി തിരിച്ചാണ് പുതിയ സജ്ജീകരണം. ഹോസ്റ്റലിൽ 1000 ലധികം ബെഡുകളും തലയണയും പുതുതായി കയർ ബോർഡിൽ നിന്ന് എത്തിച്ചിട്ടുണ്ട്. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും നേരത്തേ ചികിത്സാ സൗകര്യമൊരുക്കിയ ആശുപത്രികളിൽ സ്ഥലപരിമിതി അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികിത്സക്ക് വിപുലമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കിയത്. ജില്ലയിൽ നിലവിൽ കാളികാവ് സഫ ആശുപത്രി, മഞ്ചേരി മുട്ടിപ്പാലത്തെ സയൻസ് ഇൻസിസ്റ്റ്യൂട്ട് ഹോസ്റ്റൽ, കൊണ്ടോട്ടി ഹജ് ഹൗസ് എന്നിവിടങ്ങളിലാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുള്ളത്. എന്നാൽ ഇവിടങ്ങളിലെല്ലാമുള്ളതിനേക്കാൾ രോഗികളെ ഉൾക്കൊള്ളാനുള്ള സൗകര്യം സർവകലാശാലാ വനിതാ ഹോസ്റ്റലിലുണ്ട്.
നിലവിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ കൊച്ചിയിലെ അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിലാണ്. അവിടെ ഒരേസമയം 800 രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യമാണുള്ളത്.
കോവിഡ് രോഗികളെ പരിചരിക്കുന്നതിനും സ്വയം സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി ആരോഗ്യ പ്രവർത്തകർക്കും ട്രോമ കെയർ വളണ്ടിയർമാർക്കും ഇതിനകം ശാസ്ത്രീയ പരിശീലനം നൽകിയിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന പറഞ്ഞു.
നേരത്തേ കോവിഡ് കെയർ സെന്ററായി യൂനിവേഴ്‌സിറ്റിയിലെ ഒരു ഹോസ്റ്റൽ കെട്ടിടം ഉപയോഗിച്ചിരുന്നു. ജില്ലയിലെ ട്രോമ കെയർ പ്രവർത്തകരും ആരോഗ്യ വകുപ്പ് പ്രവർത്തകരും ചേർന്ന് കഴിഞ്ഞ ദിവസം ഈ കെട്ടിടം ശുചീകരിച്ചു. കുട്ടികളുടെ സാമഗ്രികളെല്ലാം യൂനിവേഴ്‌സിറ്റിയിലെ മറ്റു കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ജില്ലയിലെ പുതിയ കേന്ദ്രം പ്രവർത്തനം തുടങ്ങും.
ട്രീറ്റ്‌മെന്റ് സെന്ററിൽ ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ സന്ദർശനം നടത്തി. കേന്ദ്രത്തിൽ സൗകര്യമൊരുക്കിയ ആരോഗ്യ പ്രവർത്തകരെയും ട്രൊമാ കെയർ വളണ്ടിയർമാരെയും ഹോസ്റ്റൽ ജീവനക്കാരെയും കലക്ടർ അഭിനന്ദിച്ചു. പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ് അഞ്ജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന, കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ.സി.എൽ ജോഷി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ ഷിബു ലാൽ, ജില്ലാ മാസ്മീഡിയ ഓഫീസർ പി.രാജു, ടെക്‌നിക്കൽ അസിസ്റ്റന്റ് യു.കൃഷ്ണൻ, ആർദ്രം അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ.ഫിറോസ് ഖാൻ, മഞ്ചേരി മെഡിക്കൽ കോളേജ് കോവിഡ് നോഡൽ ഓഫീസർ ഡോ. ഷിനാസ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൽ കലാം, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, തേഞ്ഞിപ്പലം പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ.സരിത, പള്ളിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറയ്ക്കൽ, നെടുവ സിഎച്ച് സിയിലെ ഡോ.പി രഞ്ജിത്ത്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കോവിഡ് ലെയ്‌സൺ ഓഫീസർ ഡോ. അബൂബക്കർ തുടങ്ങിയവർ ജില്ലാ കലക്ടർക്കൊപ്പമുണ്ടായിരുന്നു.