നീലേശ്വരം- നീലേശ്വരം നഗരസഭാ ഓഫീസിലെ ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന് കോവിഡ്-19 പോസിറ്റീവ് ആയതിന്റെ പശ്ചാത്തലത്തിൽ നഗരസഭയിൽ ഇദ്ദേഹവുമായി സമ്പർക്ക സാധ്യത ഉണ്ടായിരുന്ന എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവ്.
നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ള 32 കൗൺസിലർമാർ ഓഫീസിലെ നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ, ഹരിത കർമസേന അംഗങ്ങൾ, കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങൾ തുടങ്ങി 120 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.
നീലേശ്വരം നഗരസഭയും താലൂക്ക് ആശുപത്രി അധികൃതരും അടിയന്തരമായി ആലോചിച്ച് തൊട്ടടുത്ത ദിവസം തന്നെ ആന്റിജൻ പരിശോധനയ്ക്കുള്ള സംവിധാനം നഗരസഭ താലൂക്ക് ആശുപത്രിയിൽ ഒരുക്കുകയായിരുന്നു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദ് നോഡൽ ഓഫീസർ ഡോ. വി.സുരേശൻ എന്നിവരുടെ നേതൃത്വത്തിൽ ഡോ. എസ്.സന്ധ്യ, ഡോ.മിനു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് തീർഥങ്കര, സ്റ്റാഫ് നഴ്‌സ് ഷൈമ, ലാബ് ടെക്‌നീഷ്യൻ അനിൽകുമാർ, അജിത, നിത്യ, വീണ, രമ്യ തുടങ്ങിയ മെഡിക്കൽ സംഘമാണ് വിപുലമായ ഈ പരിശോധന നടത്തിയത്. ആവശ്യമുള്ളവർക്ക് സ്രവ പരിശോധന നടത്തുവാനും തീരുമാനമായിട്ടുണ്ട്. ആന്റിജൻ പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവ് ആയെങ്കിലും കോവിഡ് പ്രോട്ടോകോൾ മാതൃകാപരമായി തുടരണം എന്ന നിർബന്ധത്തോടെ ചെയർമാൻ ഉൾപ്പെടെയുള്ള എല്ലാ കൗൺസിലർമാരും ഒരാഴ്ച കാലം ക്വാറന്റൈനിൽ തുടരാൻ തന്നെയാണ് തീരുമാനം. എങ്കിലും പൊതുജനങ്ങളുടെ അത്യാവശ്യ കാര്യങ്ങളുടെ നിർവഹണത്തിനായി നഗരസഭാ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കുമെന്ന് നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ പറഞ്ഞു.