കാസർകോട്- കാസർകോട് ജില്ലയിൽ ഇതാദ്യമായി ഇന്നലെ 74 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. സമ്പർക്കത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം ജില്ലയിൽ ഇന്നലെ 49 ആയി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റദിവസം56 പേർക്കും 44 പേർക്കും രോഗം ബാധിച്ചത് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്രയും വലിയ സംഖ്യ ഉണ്ടായത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലാണ് സമ്പർക്കത്തിൽ രോഗം ബാധിച്ച കൂടുതൽ കേസുകൾ ഇന്നലെ ഉണ്ടായത്. കൂലിപ്പണിയെടുക്കുന്നവർക്കും വെൽഡിങ് ജോലിക്കാർക്കും ബാങ്ക് സുരക്ഷാ ജീവനക്കാരനുംഡ്രൈവർക്കും ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചതായികണ്ടെത്തിയത് സ്ഥിതി ഗുരുതരമാക്കുന്നു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 11 പേർക്കും വിദേശത്ത് നിന്നെത്തിയ ആറുപേർക്കും രോഗം ബാധിച്ചപ്പോൾ ഉറവിടം അറിയാത്ത എട്ട് കേസുകൾ ഇന്നലെയും റിപ്പോർട്ട് ചെയ്തത് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത ഉറവിടം അറിയാത്ത കേസുകളുടെ നിജസ്ഥിതി കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിലാണ് എല്ലാ ദിവസവും ഇത്തരം കേസുകൾ ഉണ്ടാകുന്നത്. ജില്ലയിൽ ഇതുവരെ 768 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 298 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.