കോട്ടയം- കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ പാറത്തോട് പഞ്ചായത്തിൽ. എക്‌സൈസ് ഉദ്യോഗസ്ഥനടക്കം 15 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. പാറത്തോട് പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ സമ്പർക്ക പട്ടികയിലുളളവരാണ് രോഗ ബാധിതർ. ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിലായിരുന്ന ഇദ്ദേഹം മരിച്ചു. പക്ഷേ മരിക്കുമ്പോൾ കോവിഡ് ഇല്ലായിരുന്നുവെന്നാണ് ഫലം. പാറത്തോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴാം വാർഡ്-2 ഒൻപതാം വാർഡ്-1 എന്നിങ്ങനെയാണ് രോഗബാധിതർ ഉളളത്. ഇദ്ദേഹത്തിന്റെ തന്നെ സമ്പർക്ക പട്ടികയിലുള്ള വാഴൂർ സ്വദേശി(19) യുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ എരുമേലി സ്വദേശിനി(35) യുടെയും പരിശോധനാ ഫലം പോസിറ്റീവാണ്. ജില്ലയിൽ 25 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 22 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ടു പേർ വിദേശത്തു നിന്നും ഒരാൾ ബാംഗ്ലൂരിൽ നിന്നും എത്തിയതാണ്.
എക്‌സൈസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ അഞ്ചു സഹപ്രവർത്തകരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു. കുമരകം സ്വദേശിയായ 48 കാരന്റെയും എഴുമാന്തുരുത്ത് സ്വദേശിയായ മൂന്നു വയസുള്ള കുട്ടിയുടെയും സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. നേരത്തെ രോഗം സ്ഥീരീകരിച്ച വെച്ചൂർ സ്വദേശിനിയുടെ മകൾക്കും(12) രോഗബാധിതയായി ചികിത്സയിൽ കഴിയുന്ന എഴുമാന്തുരുത്ത് സ്വദേശിനിയുമായി സമ്പർക്കം പുലർത്തിയ 75 കാരിക്കും നേരത്തെ രോഗം സ്ഥിരീകരിച്ച പൈക സ്വദേശിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിക്കും(28) വൈറസ് ബാധ സ്ഥിരീകരിച്ചു.
ഖത്തറിൽ നിന്ന് ജൂൺ 28ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(46), ബാംഗ്ലൂരിൽ നിന്ന് ജൂലൈ ഒന്നിന് കാറിൽ എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശിയായ ആൺകുട്ടി(14), ദുബായിൽ നിന്ന് ജൂലൈ ഒന്നിന് എത്തി തൊടുപുഴയിൽ ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പൂവക്കുളം സ്വദേശി(30) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. കോട്ടയം ജില്ലയിൽ ഇതുവരെ 387 പേർക്ക് കോവിഡ് ബാധിച്ചു. 209 പേർ രോഗമുക്തരായി. നിലവിൽ ജില്ലക്കാരായ 178 പേർ ചികിത്സയിലുണ്ട്. ഇതിൽ നാലു പേർ മറ്റു ജില്ലകളിലാണ്.