തലശ്ശേരി- കോവിഡ് നിയന്ത്രണം ലംഘിച്ച് പൊതുയോഗം നടത്തിയ സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കാൻ തലശ്ശേരി സി.ജെ.എം കോടതി പോലീസിന് ഉത്തരവ് നൽകി. സി.പി.എം നേതാക്കളെ കൂടാതെ പൊതുയോഗത്തിൽ സംസാരിച്ച പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സി.പി.എം പഞ്ചായത്ത് മെംബർമാർ എന്നിവരും കേസിൽ പ്രതികളാണ്.
സി.പി.എം അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി പി.കെ ശബരീഷ് കുമാർ, ചെമ്പിലോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.വി നികേഷ് കുമാർ, ചെമ്പിലോട് പഞ്ചായത്ത് അംഗങ്ങളായ വി.കെ.ശൈലജ, എം.കെ മോഹനൻ, സി.സി അഷ്‌റഫ് എന്നിവരാണ്
കേസിലെ പ്രതികൾ. കോവിഡ് നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ചെമ്പിലോട് പഞ്ചായത്ത് ഓഫീസ് മുറ്റത്ത് അന്യസംസ്ഥാന തൊഴിലാളികളെയും പഞ്ചായത്ത് അംഗങ്ങളെയും സി.പി.എം നേതാക്കളെയും കൂട്ടിയിരുത്തി പൊതുയോഗം സംഘടിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്ത ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ലക്ഷ്മി, സെക്രട്ടറിയായിരുന്ന ഷീജാമണി എന്നിവർ ഒന്നും രണ്ടും പ്രതികളായി കേസെടുക്കാനാണ് തലശ്ശേരി സി.ജെ.എം കോടതി ചക്കരക്കൽ പോലീസിന് ഉത്തരവ് നൽകിയത്.
ഇക്കഴിഞ്ഞ മെയ് മൂന്നിന് ഉച്ച കഴിഞ്ഞ് പഞ്ചായത്ത് ഓഫീസ് മുറ്റത്ത് സംഘടിപ്പിച്ച പരിപാടി പൊതുസമൂഹത്തിൽ ഏറെ വിമർശന വിധേയമായിരുന്നു. മലയാളമറിയാത്ത അതിഥി തൊഴിലാളികളോട് നിങ്ങളെ ഇവിടെ നിന്ന് കൊണ്ടുപോകുന്നത് പിണറായി വിജയൻ ആണെന്നും നാട്ടിൽ ചെന്നാൽ പിണറായി വിജയനെക്കുറിച്ച് പുകഴ്ത്തി സംസാരിക്കണം എന്നും മറ്റും പ്രസിഡന്റ് ടി.വി ലക്ഷ്മി പ്രസംഗിക്കുന്നത് തർജമ ചെയ്ത് നൽകിയത് പഞ്ചായത്ത് ഓഫീസ് പരിസരത്തെ താമസക്കാരനും വിമുക്ത ഭടനുമായ സുധീർ ബാബു ആയിരുന്നു. ഇദ്ദേഹം കേസിൽ ആറാം പ്രതിയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 270/149 വകുപ്പുകൾ പ്രകാരവും 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസിലെ 5, 6 വകുപ്പുകൾ പ്രകാരവുമാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. മന്ത്രിമാർ ഉൾപ്പെടെയുള്ള നിരവധി ഇടതുപക്ഷ നേതാക്കൾക്കെതിരെ കോവിഡ് നിയമ ചട്ടലംഘനത്തിനെതിരെ നിരവധി പരാതികൾ പോലീസിൽ ലഭിച്ചെങ്കിലും കേസെടുക്കാൻ പോലീസ് തയാറാകാതിരിക്കുകയും എന്നാൽ എം.പിമാർ, എം.എൽ.എമാർ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾക്കെതിരെ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള തലശ്ശേരി സി.ജെ.എം കോടതി ഉത്തരവ് ഏറെ പ്രാധാന്യമർഹിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനൂപ് തന്നട അഡ്വ. ഇ.ആർ വിനോദ് മുഖേന നൽകിയ പരാതിയിലാണ് തലശ്ശേരി സി.ജെ.എം കോടതിയുടെ ഉത്തരവ്.