Sorry, you need to enable JavaScript to visit this website.

ബഹിരാകാശ യാത്രയുടെ തട്ടകത്തിൽ

നാസയുടെ ഹൂസ്റ്റണിലെ പരീക്ഷണശാലയുടെ കവാടം
ഹ്യൂസ്റ്റണിലെ നാസയിലേക്കുള്ള ട്രാമുകൾ. 
1969 ജൂലൈ 20നു നീൽ ആംസ്‌ട്രോങും, ബാസ് അഡ്രിനും ചന്ദ്രോപരിതലത്തിൽ അമേരിക്കൻ കൊടിനാട്ടുന്നു. 
ഹ്യൂസ്റ്റൺ നഗരം. നാസയിൽ കാണികളുടെ തിരക്ക്. 
  ഹ്യൂസ്റ്റൺ നഗരം രാത്രിയിൽ. 
ചൊവ്വയിലേക്ക് തയ്യാറാക്കുന്ന പേടക മാതൃക. 
കെന്നഡി സ്‌പേസ് സ്‌റ്റേഷനിൽ അപ്പോളോ 11 യാത്രയ്ക്ക് തയ്യാറെടുക്കുന്നു. 
ഹസ്സൻ തിക്കോടി

ഏഴാം കടലിന്നക്കരെ-3 

1969 ജൂലൈ 16നു രാവിലെ 9.32നു ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സ്‌റ്റേഷനിൽ നിന്നു  അമേരിക്കക്കാരായ  നീൽ ആംസ്‌ട്രോങ്, ബസ് അഡ്രിൻ, മൈക്കൽ കോളിൻ എന്നീ മൂവർ സംഘം ചന്ദ്രനിലേക്ക് യാത്ര തിരിച്ചു. ലോകം ഒരിക്കലും മറക്കാത്ത അപ്പോളോ 11 വാഹനം   ജൂലൈ 20നു അമേരിക്കൻ സമയം രാത്രി 8.17നു ആദ്യ മൂന്ന് മനുഷ്യരേയും വഹിച്ചുകൊണ്ട് മറ്റൊരു ഗ്രഹമായ ചന്ദ്രനിൽ ഇറങ്ങി. ലോകം മുഴുവൻ ആകാംക്ഷയോടെ അതിലുപരി വിസ്മയത്തോടെ ആ കാഴ്ച കണ്ടു. അറുപത്തി ആറു വർഷങ്ങൾക്ക് മുമ്പ് അമേരിക്കയുടെ മണ്ണിൽ നിന്നും ആകാശത്തേക്ക് പറന്നുയരാൻ സാധിക്കുമെന്ന്  പഠിപ്പിച്ച തന്റെ മുൻഗാമിയായ 'റൈറ്റ് ബ്രദേഴ്‌സിന്' പ്രണാമം അർപ്പി ച്ചുകൊണ്ട് അവർ  ആദ്യം പറത്തിയ വിമാനത്തിന്റെ ചിറകുള്ള കൊടി കൂടെകൊണ്ടുപോയത് ഒരു അവിസ്മരണീയ ദൗത്യത്തിന്റെ മാറ്റുരക്കലായിരുന്നു. അന്നു  നീൽആംസ്‌ട്രോങും, ബാസ് അഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങി 2.5 മണിക്കൂർ അവിടെ ചെലവഴിച്ചു.
 


അപ്പോളോ11 പേടകം
കേട്ടറിവും വായിച്ചറിവും മാത്രമായ  ഹൂസ്റ്റണിലെ സ്‌പേസ് സെന്ററിലേക്ക് കാലെടുത്തുവെച്ചപ്പോഴേക്കും സന്തോഷത്തിന്റെയും സാക്ഷാൽക്കാരത്തിന്റെയും അനന്തനിമിഷങ്ങൾ  എന്നിൽ  വന്നുചേർന്നു. കുട്ടിക്കാലത്ത് പതിനാലാം രാവിലെ ചന്ദ്രനെ നോക്കി ഉമ്മ പറഞ്ഞു തന്ന ഒരു പാട് കഥകൾ അപ്പോൾ  എന്റെ മനസ്സിൽ  ഓടിയെത്തി. നോക്കെത്താദൂരത്തെവിടെയോ ഒരു വലിയ പൊട്ടായി കാണുന്ന ആ ചന്ദ്രനിലേക്ക് ഒരു പേടകത്തിൽ മൂന്നു മനുഷ്യൻ  ഇറങ്ങിയത്   കുട്ടിയായിരുന്ന എന്നെ അതിശയിപ്പിച്ചിരുന്നു. പക്ഷെ, ഇന്നിതാ അതെ ചന്ദ്രനിൽ ഇറങ്ങിയ  പേടകവും  അതിൽ  സഞ്ചരിച്ച മനുഷ്യനും എന്റെ മുമ്പിൽ  സത്യത്തിന്റെ മറയില്ലാതെ നിൽക്കുന്നു.


 നാസ സ്‌പേസ് സെന്ററിൽ  കാണാനും പഠിക്കാനും ഒരു പാടുണ്ട്. രണ്ടുലക്ഷത്തി അൻപതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള നാസ സ്‌പേസ് വിദ്യാലയത്തിൽ   ഏകദേശം ഒരു കോടിയിലേറെ ശാസ്ത്ര വിദ്യാർഥികളും  മറ്റു സന്ദർശകരും കാഴ്ചക്കാരായി എത്തുന്നു.  ബഹിരാകാശത്തെകുറിച്ച് ഒരുപാടു  അറിയാനും മനസ്സിലാക്കാനുമുണ്ടിവിടെ. ചന്ദ്രനിലേക്കുള്ള ദൗത്യത്തിന്റെ എല്ലാ രേഖകളും, ചിത്രങ്ങളും അവിടുന്ന് കൊണ്ടുവന്ന മണ്ണും കല്ലും എല്ലാം ചില്ലിട്ടുസൂക്ഷിച്ചു വെച്ചിരിക്കുന്നു. വരാനിരിക്കുന്ന തലമുറകൾക്കുകൂടി പഠിക്കാൻ.

ചൊവ്വയിലേക്കുള്ള ദൗത്യം
 ഏറ്റവും പുതുതായി ഇവിടെ കാണാനുള്ളത്  ഭാവിയിൽ  'ചൊവ്വ'യിലേക്കുള്ള യാത്ര എങ്ങനെ തരപ്പെടുത്തും എന്നതാണ്. ഒരു കമ്പ്യൂട്ടറിന്റെ സഹായത്താൽ  'വെർച്വൽ റിയാലിറ്റി' യുടെ നൂതന ചിത്രങ്ങൾ  അനുഭവവേദ്യമാക്കിത്തരുന്നു. മറ്റൊരു മുറിയിൽ ചൊവ്വയുടെ 3ഡി ചിത്രങ്ങളുടെ പ്രദർശനവും നടക്കുന്നുണ്ട്.  2030ലാണ് 'ചൊവ്വ' യാത്ര നടക്കാൻ പോവുന്നത്. അതിനു മുന്നോടിയായി ഇപ്പോൾ തന്നെ പേടകങ്ങൾ ചൊവ്വയിലേക്ക് അയച്ചുതുടങ്ങിയിരിക്കുന്നു. ചൊവ്വയുടെ ഭ്രമണപഥത്തിൽ 'റോവർ' എന്ന പേടകം ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കുകയാണ്.  2020 ജൂലൈ 17നു അയക്കേണ്ടിയിരുന്ന മറ്റൊരു ഉപ 'റോവർ' എന്ന പേടകം കൊറോണയുടെ അതിപ്രസരം അമേരിക്കയിൽ അലയടിച്ചത് കാരണം ഈ വർഷം ആഗസ്റ്റ് പതിനൊന്നിലേക്ക് മാറ്റിയിട്ടുണ്ട്. ചൊവ്വയിലേക്ക് പോകുന്നവരുടെ   പരിശീലനം ഇവിടെ ആരംഭിച്ചു കഴിഞ്ഞു. ഇത്തരം കാഴ്ചകൾ നമ്മെ ചിന്തിപ്പിക്കുകയും ശാസ്ത്രത്തെ കൂടുതൽ  അടുത്തറിയാൻ  സഹായിക്കുകയും ചെയ്യുന്നു. നാസയെ കുറിച്ച് പറയാനും എഴുതാനും ഒരുപാടുണ്ട്.  പക്ഷെ വിവരണങ്ങൾക്കതീതമായ ശാസ്ത്രതെളിവുകൾ  നമ്മുടെ കണക്കുകൂട്ടലുകൾക്കും  അപ്പുറത്താണ്. എന്റെ പരിമിതമായ അറിവിൽ  അത് പറഞ്ഞു മനസ്സിലാക്കാനാവില്ല എന്നതാണ് മറ്റൊരു സത്യം.


അതുകൊണ്ടുതന്നെ ബഹിരാകാശശാസ്ത്ര വിദ്യാർഥികൾ  ഒരിക്കലെങ്കിലും  നാസ സന്ദർശിക്കുന്നത്  അവരുടെ പഠനത്തിൽ  മറ്റൊരു തൂവൽ കൂടി തുന്നിച്ചേർക്കലാവും. ഭൂമി ഇല്ലാതാവുന്ന ഒരു കാലത്തെ ശാസ്ത്രലോകം വിഭാവനം ചെയ്യുന്നുണ്ട്.  മനുഷ്യനാൽ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന  ഇന്നത്തെ ഭൂമി അതീവ സങ്കീർണതയിലൂടെയാണ് കടന്നു പോവുന്നത്. ഇവിടം  നശിക്കുമ്പോൾ അടുത്ത തലമുറയ്ക്ക് തമാസിക്കാനൊരിടം കണ്ടെത്തുക ഇന്നത്തെ ശാസ്ത്രലോകത്തിന്റെ അനിവാര്യമായ ഉത്തരവാദിത്തമാണെന്ന് അവർ കരുതുന്നു. അതുകൊണ്ടാണ് ചൊവ്വയുടെ ആന്തരിക തലത്തിലെ രഹസ്യങ്ങൾ കണ്ടെത്താനുളള പുതിയ ദൗത്യം നാസ ഏറ്റെടുത്തത്.
(തുടരും)

 


 

 


 

Latest News