Sorry, you need to enable JavaScript to visit this website.

ആല്‍ക്കഹോളുള്ള സാനിറ്റൈസറുകള്‍ക്ക് 18% ജിഎസ്ടി നിര്‍ബന്ധം:അതോറിറ്റി ഓഫ് അഡ്വാന്‍സ്ഡ് റൂളിങ്

മുംബൈ- ആല്‍ക്കഹോളുള്ള സാനിറ്റൈസറുകള്‍ക്ക് പതിനെട്ട് ശതമാനം ജിഎസ്ടി ചുമത്തും. 'ആല്‍ക്കഹോള്‍ കലര്‍ന്ന സാനിറ്റൈസര്‍' എന്ന കാറ്റഗറിയിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി 18ശതമാനം ചുമത്തുമെന്ന് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ് ആണ് അറിയിച്ചത്. ഗോവ ആസ്ഥാനമായ ആല്‍ക്കഹോള്‍ സാനിറ്റൈസര്‍ നിര്‍മാതാക്കാളായ സ്പ്രിങ്ഫീല്‍ഡ് ഇന്ത്യ ഡിസ്ലറീസ് സമര്‍പ്പിച്ച ഹരജിയിലാണ് അതോറിറ്റി നിലപാട് വ്യക്തമാക്കിയത്. ഹാന്‍ഡ് സാനിറ്റൈസറുകളുടെ വര്‍ഗീകരണം സംബന്ധിച്ച് വ്യക്ത തേടിയാണ് ഇവര്‍ എഎആറിന്റെ ഗോവ ബെഞ്ചിനെ സമീപിച്ചത്.

ഹാന്‍ഡ് സാനിറ്റൈസറുകളെ അത്യാവശ്യ ചരക്കായി തരംതിരിക്കുന്നതിനാല്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആല്‍ക്കഹോളുള്ള സാനിറ്റൈസറുകള്‍ പതിനെട്ട് ശതമാനം ജിഎസ്ടി ആവശ്യമായി വരുന്ന വസ്തുക്കളുടെ പട്ടികയിലാണ് വരുന്നതെന്ന് അതോറിറ്റി അറിയിച്ചു.ഉപഭോക്തൃകാര്യ മന്ത്രാലയം ഹാന്‍ഡ് സാനിറ്റൈസറുകളെ അത്യാവശ്യ ചരക്കായാണ് തരംതിരിച്ചിരിക്കുന്നത്.

എന്നാല്‍ ജിഎസ്ടി നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട വസ്തുക്കളുടെ പ്രത്യേക പട്ടികയുണ്ടെന്ന് അതോറിറ്റി പറഞ്ഞു. കോവിഡ് വ്യാപനം തടയാനായി അറുപത് ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണമെന്ന സ്ഥിതി നിലനില്‍ക്കെയാണ് ഈ സാനിറ്റൈസറുകള്‍ക്ക് സര്‍ക്കാര്‍ ജിഎസ്ടി ചുമത്തിയിരുന്നത്.
 

Latest News