വിമതര്‍ക്ക് അയോഗ്യതാ ഭീഷണി ഉയര്‍ത്തി കോണ്‍ഗ്രസ്; രാജസ്ഥാനില്‍ ഇനി നിയമയുദ്ധം

ജയ്പൂര്‍- രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനേയും അദ്ദേഹത്തെ പിന്തുണക്കുന്ന രണ്ട് മന്ത്രിമാരേയും കാബിനറ്റില്‍നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ക്കെതിരെ അയോഗ്യതാ നടപടികളിലേക്ക് നീങ്ങുന്നു.

സംസ്ഥാനത്ത് ഇനി നിയമയുദ്ധമായിരിക്കുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

വിമത എം.എല്‍.എമാര്‍ക്ക് അയോഗ്യത കല്‍പിക്കണമെന്ന് സ്പീക്കര്‍ സി.പി. ജോഷിയോട് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് സൂചന നല്‍കിയിട്ടുണ്ട്. ഇതിനായി നിയമവിദഗ്ധരുമായുള്ള തിരക്കിട്ട കൂടിയാലോചനകളിലാണ് പാര്‍ട്ടി. അയോഗ്യത കല്‍പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെയാണ് മുന്നറിയിപ്പ് നല്‍കിയത്.

മുഖ്യമന്ത്രി ഗെലോട്ടും എ.ഐ.സി.സി.സി നിരീക്ഷകന്‍ അജയ് മാക്കനും നിയമ പോരാട്ടത്തെ കുറിച്ച് പാര്‍ട്ടി നേതാവും അഭിഭാഷകനുമായ അഭിഷേക് സിംഗ്‌വിയുമായി രണ്ടു ദിവസമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചു.

പാര്‍ട്ടി നിയമഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതും ബി.ജെ.പിയുമായി നടത്തുന്ന അനൗപചാരിക ചര്‍ച്ചകളുമാണ് അയോഗ്യത കല്‍പിക്കാനുള്ള നീക്കത്തിന് അടിസ്ഥാനം.

അയോഗ്യത കല്‍പിക്കാനുള്ള അപേക്ഷ സ്പീക്കര്‍ക്ക് നല്‍കിയിട്ടുണ്ടോ എന്ന് കോണ്‍ഗ്രസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അയോഗ്യതാ ഭീഷണി ഉയര്‍ത്തി  ഏതാനും വിമത എം.എല്‍.എമാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇക്കാര്യത്തില്‍ നടപടി വെകിപ്പിക്കുന്നത്.

അയോഗ്യതാ ഹരജിയുടെ കരട് തയാറിക്കി ചീഫ് വിപ്പ് മഹേഷ് ജോഷിയെ ഏല്‍പിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ സൂചന നല്‍കുന്നു.

 

 

Latest News