ഇടതുമുന്നണിയില്‍ സമ്മര്‍ദം; ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

തിരുവനനന്തപുരം- സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം. ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ സമ്മര്‍ദം. വിഷയം കൂടുതല്‍ സങ്കീര്‍ണമാകുന്നതിന് മുമ്പ് നടപടി വേണമെന്ന അഭിപ്രായമാണ്  മുന്നണിയില്‍ ശക്തമായിരിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കും.

പത്ത് മണിക്കൂറോളം നീണ്ട കസ്റ്റംസിന്റെ ചോദ്യംചെയ്യല്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ തിരികെ എത്തിക്കുകയായിരുന്നു.   

സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ്  ശിവശങ്കറിനെ സര്‍ക്കാര്‍ പദവികളില്‍നിന്ന് നീക്കിയത്

സ്വപ്നയും സരിത്തുമായി ശിവശങ്കര്‍ ഫോണില്‍ സംസാരിച്ച കാര്യം പുറത്തുവന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്.

 

 

Latest News