Sorry, you need to enable JavaScript to visit this website.

പ്രൊഫ. റെയ്‌നോൾഡ് ജിദ്ദ മലയാളികളുടെ പ്രിയങ്കരൻ -പ്രവാസി സാംസ്‌കാരിക വേദി

ജിദ്ദ - കോഴിക്കോട്ട് മരിച്ച പ്രവാസി സാംസ്‌കാരിക വേദി സ്ഥാപക ചെയർമാനും ജിദ്ദയിലെ മലയാളി സമൂഹത്തിനു പ്രിയങ്കരനുമായിരുന്ന പ്രൊഫ. റെയ്‌നോൾഡ് ഇട്ടൂപ്പിന്റെ ആകസ്മിക വേർപാടിൽ പ്രവാസി സംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി  അനുശോചിച്ചു. ജിദ്ദയിൽ പ്രവാസി സാംസ്‌കാരിക വേദി കെട്ടിപ്പടുക്കുന്നതിൽ തന്റേതായ സംഭാവനകൾ അർപ്പിച്ച ശേഷമാണ് 2014 ൽ അദ്ദേഹം പ്രവാസ ജീവിതത്തോട് വിടപറഞ്ഞത്. രാഷ്ട്രീയം, മതം, കല, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഉജ്വല പ്രഭാഷണം നടത്തിയിരുന്ന പ്രൊഫ. റെയ്‌നോൾഡ് പ്രവാസി സാംസ്‌കാരികവേദി സ്ഥാപക ചെയർമാനായിരുന്നു.


ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന അദ്ദേഹം പ്രവാസികളെ വിവിധ  ഭാഷകൾ പഠിക്കാൻ പ്രോത്സാഹിപ്പിച്ചതിനു പുറമെ, പാർശ്വവൽകരിക്കപ്പെട്ട ജനവിഭാഗങ്ങളോടൊപ്പം മനുഷ്യാവകാശങ്ങൾക്കായി ഉറച്ചു നിൽക്കാനും പ്രേരിപ്പിച്ചിരുന്നു. ഏതൊരാൾക്കും ഏതു സമയത്തും ബന്ധപ്പെടാവുന്ന സൗമ്യ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട സവിശേഷത. നാട്ടിലെത്തിയിട്ടും ജിദ്ദയിലെ സുഹൃത്തുക്കളുമായി സമൂഹ മാധ്യമങ്ങളിലൂടെ അടുത്ത ബന്ധം പുലർത്തിയിരുന്ന റെയ്‌നോൾഡ് സാർ ഏറ്റവും അവസാന ദിവസങ്ങളിൽ പ്രവാസി ജിദ്ദ നൽകിയ യാത്രയയപ്പിന്റെ ചിത്രങ്ങളാണ് ഫേസ് ബുക്കിലും മറ്റും പങ്കുവെച്ചിരുന്നത്. ജിദ്ദയിൽ മലയാളി സായാഹ്നങ്ങളെ തന്റെ വിജ്ഞാനം കൊണ്ടും സാമൂഹിക പ്രതിബദ്ധത കൊണ്ടും ധന്യമാക്കിയ മഹദ് ജീവിതത്തെ പ്രവാസി സമൂഹം എന്നും സ്മരിക്കുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി അശ്‌റഫ് പാപ്പിനിശ്ശേരി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ഈ വേർപാട് താങ്ങാനുള്ള ശേഷി അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാകട്ടെയെന്നും അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവരുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രസ്താവനയിൽ തുടർന്നു.


 

Latest News