Sorry, you need to enable JavaScript to visit this website.

ഹാജിമാരെ സ്വീകരിക്കാൻ മിനായിലെ ടവറുകൾ ഒരുങ്ങുന്നു

മിനായിൽ ഹജ് തീർഥാടകർക്ക് താമസ സൗകര്യം നൽകുന്ന ബഹുനില കെട്ടിടങ്ങൾ 

മക്ക - ഇത്തവണ അല്ലാഹുവിന്റെ അതിഥികളായ ഹജ് തീർഥാടകരെ സ്വീകരിക്കാൻ മിനാ മലമുകളിലെ ബഹുനില ടവറുകൾ ഒരുങ്ങുന്നു. ജംറ പാലത്തിനു സമീപമുള്ള മലമുകളിൽ പന്ത്രണ്ടു നിലകൾ വീതമുള്ള ആറു ടവറുകളാണുള്ളത്. ഇത്തവണ മിനായിൽ തമ്പുകളിൽ തീർഥാടകർക്ക് താമസ സൗകര്യം നൽകില്ല. പകരം ബഹുനില കെട്ടിടങ്ങളിലാകും താമസ സൗകര്യം ഒരുക്കുക. 
മിനായിലും അറഫയിലും മുസ്ദലിഫയിലും ഒമ്പതു ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള വേറിട്ട സ്ഥലത്താണ് ഓരോ തീർഥാടകനെയും പാർപ്പിക്കുക. അണുവിമുക്തമാക്കി പ്രത്യേകം പാക്ക് ചെയ്ത കല്ലുകൾ കല്ലേറ് കർമം നിർവഹിക്കാൻ തീർഥാടകർക്കിടയിൽ വിതരണം ചെയ്യും. മുൻകൂട്ടി തയാറാക്കി, നന്നായി പാക്ക് ചെയ്ത ഭക്ഷണങ്ങൾ മാത്രമാണ് ഒറ്റത്തവണ ഉപയോഗത്തിനുള്ള പാത്രങ്ങളും കപ്പുകളും സഹിതം ഹാജിമാർക്ക് വിതരണം ചെയ്യുക. ഭക്ഷണ വിതരണത്തിന് അംഗീകൃത കരാറുകാരനെ ചുമതലപ്പെടുത്തും.  


തീർഥാടന യാത്ര ക്രമീകരിക്കാൻ ഓരോ ഹജ് തീർഥാടകനും പ്രത്യേക സ്മാർട്ട് കാർഡ് തയാറാക്കും. അണുനാശിനി കളും മാസ്‌കുകളും മുസല്ലയും ആവശ്യമായ പ്രതിരോധ വസ്തുക്കളും അടങ്ങിയ ബാഗും ഓരോ ഹജ് തീർഥാടകനും വിതരണം ചെയ്യും. ഓരോ കേന്ദ്രങ്ങളിലും സംസം ബോട്ടിലുകളും തീർഥാടകർക്കിടയിൽ വിതരണം ചെയ്യും. 
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെയും പബ്ലിക് പെൻഷൻ ഏജൻസിയുടെയും ഉടമസ്ഥതയിലുള്ള മിനാ റിയൽ എസ്റ്റേറ്റ് കമ്പനിക്കു കീഴിലാണ് മിനായിലെ ബഹുനില കെട്ടിട സമുച്ചയം. സ്ഥലപരിമിതി പ്രധാന പ്രതിബന്ധമായ മിനായിൽ കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാൻ സാധിക്കുന്നതിന് ഇത്തരത്തിൽ പെട്ട കൂടുതൽ കെട്ടിടങ്ങൾ നിർമിക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾ ആലോചിക്കുന്നുണ്ട്. 


പതിവിൽനിന്ന് ഭിന്നമായി ഇത്തവണ ആഭ്യന്തര ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ ആഭ്യന്തര ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരുവിധ പങ്കുമുണ്ടാകില്ല. ഹജ്, ഉംറ മന്ത്രാലയം നേരിട്ടാണ് ഹജ് തീർഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക. സൗദിയിൽ ആഭ്യന്തര ഹജ് സേവന മേഖലയിൽ 195 കമ്പനികളും ഉംറ സേവന മേഖലയിൽ 560 കമ്പനികളുമാണുള്ളത്. കൊറോണ മൂലം പ്രതിസന്ധിയിലായ ഹജ്, ഉംറ സർവീസ് കമ്പനികളെ ലക്ഷ്യമിട്ട് ഏതാനും സഹായ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 

Latest News