Sorry, you need to enable JavaScript to visit this website.

കോട്ടയം മെഡിക്കൽ കോളേജിൽ രാത്രി നിലവിളി ശബ്ദമെന്ന്; കുസൃതിക്കഥയെന്ന് വിശദീകരണം

കോട്ടയം -  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രി നിലവിളി ശബ്ദമെന്ന് റിപ്പോർട്ട്. അതേസമയം ഇത് ഒരു കുസൃതിക്കഥയാണെന്ന് ഒരു വിഭാഗം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു ജീവനക്കാരന്റെ സൃഷ്ടിയാണ് സ്‌തോഭജനകമായി കാതോടു കാതോരം കൈമാറിയതെന്നാണ് ഇവരുടെ വാദം. ഏതായാലും പൊരുളറിയാൻ മെഡിക്കൽ കോളേജ് അധികൃതർ തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി കേട്ടുകൊണ്ടിരിക്കുന്ന അജ്ഞാത നിലിവിളി ശബ്ദം ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്. വിജനമായ കെട്ടിടത്തിൽ നിന്നും എന്നെ രക്ഷിക്കണേ എന്നു  ഉച്ചത്തിലുള്ള നിലവിളി ശബ്ദം ആണ് കേൾക്കുക. ഗൈനക്കോളജി ഒ.പിയിൽ നിന്നും രാത്രി പന്ത്രണ്ടിനും  പന്ത്രണ്ടരക്കും ആണ് സ്ത്രീയുടെ നിലവിളി കേൾക്കുക. ശബ്ദം കേട്ട് പരിശോധിക്കാൻ ചെന്നാൽ ആരെയും കാണാനും കഴിയില്ല. സംഭവം തുടർകഥയായതോടെ ആളുകൾ ഭയന്ന് ഈ ഭാഗത്തേക്ക് പോകാൻ മടിക്കുകയാണെന്നുമാണ് പ്രചരിക്കുന്ന വാർത്തകൾ. ഇത് വൈറലായതോടെ മെഡിക്കൽ കോളേജ് അധികൃതർക്കും രക്ഷയില്ലാതെയായി. മറുപടി പറഞ്ഞ് മടുത്തതോടെ അന്വേഷിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ.


രാത്രി കാലം കേൾക്കുന്ന ഈ ശബ്ദത്തിനുടമയെ മുമ്പ് പല തവണ ശ്രമിച്ചിട്ടും കണ്ടെത്താൻ സാധിച്ചിട്ടില്ല. പരാതി ഉയർന്നതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. ഞായറാഴ്ചയും സമാന സംഭവം നടന്നു. വൈകിട്ട് ഒ.പി പൂട്ടാൻ പോയ സുരക്ഷാ ജീവനക്കാരിക്ക് പത്തു മിനിട്ട് ശ്രമിച്ചിട്ടും വാതിൽ പൂട്ടാൻ സാധിച്ചില്ല. വളരെ ശ്രമപ്പെട്ടാണ് ഇവർ വാതിൽ പൂട്ടിയതെന്ന് ഈ സ്ത്രീ പറഞ്ഞതായുമാണ് റിപ്പോർട്ടുകൾ. 


അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ സമയ ഭേദം കൂടാതെ തിരക്കാണെന്നും ഇത്തരത്തിലുളള ശബ്ദമൊന്നും കേട്ടിട്ടെല്ലെന്നുമാണ് എതിർ വാദം. 
പ്രസവം വാർഡും ഓപറേഷൻ തിേയറ്ററും സമീപത്തുളളതിനാൽ രാത്രിയും പകലും പുറത്ത് ഏറെ പേർ കാണും. ഇതുവരെ ഇത്തരത്തിലുളള പരാതി കേട്ടിട്ടില്ലെന്നാണ് ഗൈനക്കോളജി വിഭാഗത്തിലെ ജീവനക്കാരൻ പറയുന്നത്. ഗൈനക്കോളജി വിഭാഗത്തിലെ ചില ജീവനക്കാർ കെട്ടിച്ചമച്ചു പടർത്തിയ കഥയാണിതെന്നും അടിസ്ഥാനമൊന്നുമില്ലെന്നുമാണ് ജീവനക്കാരൻ പറയുന്നത്. ഏതായാലും സംഭവം വാർത്തയായതോടെ അന്വേഷിച്ച് പൊരുളറിയാനാണ് മെഡിക്കൽ കോളേജ് അധികൃതരുടെ തീരുമാനം. വർഷങ്ങൾക്കു മുമ്പ്  ഇവിടെ ഒരു സ്ത്രീ ചാടി ജീവനൊടുക്കിയിരുന്നു. അതിന്റെ പൊടിപ്പും തൊങ്ങലും ചേർത്ത് മെനഞ്ഞ പുതിയ പതിപ്പാണ് ഇതെന്നും പറയുന്നു.

 

Latest News