മലപ്പുറം- ഡിപ്ലോമാറ്റിക് പാർസൽ വഴി സ്വർണം കടത്തിയ സംഘത്തിന് സഹായകരമായ വിധത്തിൽ തന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഇടപെടലുകൾ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പൊയ്‌വെടികൾ അവസാനിപ്പിച്ച് രാജിവെച്ച് അന്വേഷണം നേരിടണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി ആവശ്യപ്പെട്ടു.
കള്ളക്കടത്ത് സംഘങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടത്തിലെ ഉന്നതൻമാരും ഉൾക്കൊള്ളുന്ന അവിശുദ്ധ സഖ്യത്തിന്റെ താൽപര്യങ്ങൾ പുറത്ത് വരികയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വേണം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന്റെ നേതൃത്വത്തിൽ നടത്തിയ അധികാര ദുർവിനിയോഗത്തിന്റെയും ജനവിരുദ്ധ പ്രവർത്തനങ്ങളുടെയും നിജസ്ഥിതി സമഗ്രമായ അന്വേഷണത്തിലൂടെ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. പൊതു സമൂഹത്തിന്റെ നിരന്തര ഇടപെടൽ മൂലമാണ് സ്വപ്‌ന സുരേഷിന്റെ അനധികൃത നിയമനം പോലും അന്വേഷിക്കാൻ പിണറായി സർക്കാർ തയാറായത്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടേയുമടക്കം ദുരൂഹതകൾ നിറഞ്ഞ ബന്ധങ്ങളേയും കരാറുകളേയും കുറിച്ച് സുതാര്യമായ അന്വേഷണം നടത്താൻ പിണറായിയോട് രാജി ആവശ്യപ്പെടാൻ സി.പി.എം നേതൃത്വത്തിന് ധൈര്യമുണ്ടോ?
ഇത്തരം ഒരു ആസൂത്രിത കള്ളക്കടത്ത് പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളിലെ ഉന്നത വ്യക്തികളുടെ അനുമതിയും പിന്തുണയുമില്ലാതെ സാധ്യമല്ല. അതിനാൽ കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നവർ തമ്മിൽ കേസ് തേച്ചുമായ്ച്ച് കളയാനുള്ള ധാരണ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ന്യായമായ സംശയങ്ങൾ ഉയർന്ന് വരുന്നുണ്ട്.
എൻ.ഐ.എ അന്വേഷണം അതിനുള്ള മറയായി മാറരുത്. ചില ഉേദ്യാഗസ്ഥരെ പുറത്താക്കിയും കേസ് വഴിതിരിച്ച് വിട്ടും രക്ഷപ്പെടാമെന്ന കേന്ദ്ര-കേരള ഭരണകൂടങ്ങളുടെ ഒത്തുകളി രാഷ്ട്രീയം കേരള ജനത തിരിച്ചറിയണമെന്നും ഗണേഷ് പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി അഷ്‌റഫ് വൈലത്തൂർ, സലീം വാഴക്കാട് എന്നിവർ സംസാരിച്ചു. ആരിഫ് ചുണ്ടയിൽ, ബന്ന മുതുവല്ലൂർ എ.സദ്‌റുദ്ദീൻ, ഇർഫാൻ നൗഫൽ എ.എം, എ.സൈനുദ്ദീൻ, സി.എച്ച് സാജിദ് എന്നിവർ നേതൃത്വം നൽകി.






