കൊച്ചി- വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്ന പ്രവാസികളുടെ വിസ കാലാവധി മൂന്ന് മാസമായി നിജപ്പെടുത്തി കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് സാമാന്യ നീതിക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി. ഡൽഹി കെ.എം.സി.സി ക്കു വേണ്ടി കെ.കെ.മുഹമ്മദ് ഹലീം അഡ്വ.ഹാരിസ് ബീരാൻ മുഖേനെ നല്കിയ ഹർജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ നിരീക്ഷണം. നാട്ടിൽ അവധിക്ക് വന്നിരിക്കുന്ന പ്രവാസികൾക്ക് ജോലിചെയ്യുന്ന രാജ്യങ്ങളിലെക്ക് തിരിച്ചു പോകുന്നതിന് മൂന്ന് മാസത്തിൽ കൂടുതൽ വിസാ കാലാവധി നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാറിന്റെ പുതിയ ഉത്തരവ് കണക്കിലെടുക്കേണ്ടന്നും പ്രവാസികൾക്ക് വിസ കാലാവധി തീരുന്നതിന് മുമ്പ് വിദേശ രകജ്യങ്ങളിൽ എത്തിയാൽ മതിയെന്നും കോടതി അഭിപ്രായപ്പെട്ടു.
വിദേശരാജ്യങ്ങൾക്ക് പ്രവാസികളെ സ്വീകരിക്കാൻ തടസമില്ലെങ്കിൽ കേന്ദ്രസർക്കാർ വിസ നിയന്ത്രണം കൊണ്ടു വന്നത് സാമാന്യ നീതിക്ക് നിരക്കുന്നതാണോ എന്ന് കോടതി വാദത്തിനിടെ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചു.സ്വന്തം രാജ്യത്തെ പൗരന്മാരെ ഈ കൊറോണ കാലത്തുപോലും മാനസികമായി തകർക്കുന്ന നിലാടാണ് പ്രവാസികളുടെ വിസാ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു. വിസ കാലാവധി നിജപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി വിസ കാലാവധി വിഷയത്തിൽ പരിഗണിക്കേണ്ടയെന്ന് കോടതി വിലയിരുത്തി.
വിസ കാലവധിക്ക് മുമ്പ് വിദേശ രാജ്യങ്ങളിൽ എത്തിയാൽ അതാത് രാജ്യങ്ങൾ പ്രവാസികളെ സ്വീകരിക്കുമെന്നും അതിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന നിയന്ത്രണം മൂലം വിസയുള്ളവർക്ക് പോലും തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് കെ എം സി സി വേണ്ടി അഡ്വ ഹാരിസ് ബീരാൻ കോടതിയിൽ വാദിച്ചു.
ജൂൺ ഒന്നിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ചട്ടമാണ് വിദേശത്ത് ജോലിക്കായി പോകുന്നവർക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെയെങ്കിലും വിസാകാലാവധി ഉണ്ടായിരിക്കണമെന്ന് നിഷ്കർശിക്കുന്നത്.
ഇതേ സമയം ജോലിയിതര പഠന, പരിശീലന ആവശ്യങ്ങൾക്കായി പോവുന്നവർക്ക് ഒരു മാസത്തെ വിസയിൽ യാത്ര അനുവദിക്കുന്നതായും ചട്ടം പറയുന്നു.
വിസാകാലാധി തീർന്നാലും തൊഴിലാളികൾക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി വരാൻ അനുമതി കൊടുത്ത് കൊണ്ട് ഗൾഫ് രാജ്യങ്ങൾ അടക്കം വിവിധ വിദേശ രാഷ്ട്രങ്ങൾ സന്നദ്ധത അറിയിച്ചിരിക്കെയാണ് സ്വന്തം പൗരന്മാരെ അനിശ്ചിതത്വത്തിലാക്കുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വന്നിരിക്കുന്നതെന്നും ഹർജി ഭാഗം അഭിഭാഷകൻ വാദിച്ചു.
മാർച്ച് അവസാനം പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിനെ തുടർന്ന് അവധിക്കായും മറ്റും നാട്ടിൽ എത്തി ഇവിടെ തുടരേണ്ടി വന്നവരും കോവിഡ് 19 കാരണമായി പ്രത്യേക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നാട്ടിലെത്തിയവരുമായ ആയിരക്കണക്കിന് പ്രവാസികൾക്ക് കേന്ദ്ര സർക്കാർ തീരുമാനം തിരിച്ചടിയായ സാഹചര്യത്തിലാണ് ഡൽഹി കെ എം സി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഈ വിഷയത്തിൽ ഡൽഹി കെഎംസിസി നിരവധി നിവേദനങ്ങൾ അധികാരികൾക്ക് പല തവണ സമർപ്പിച്ചിട്ടും അതൊന്നും ഗൗനിക്കാതെ പ്രവാസികളുടെ മനസിക നില തകർത്ത ഘട്ടം വന്നപ്പോഴാണ് സമാന്യ നീതിക്ക് നിരക്കാത്ത മനുഹ്വത്വ വിരുദ്ധമായ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കെ എം സി സി ഹൈക്കോടതിയിൽ എത്തുന്നത്.






