Sorry, you need to enable JavaScript to visit this website.

ഇന്ത്യ വികസിപ്പിച്ച കോവിഡ്  വാക്‌സിന് ഡിസിജിഐയുടെ അനുമതിക്കായി ഐസിഎംആര്‍

ന്യൂദല്‍ഹി-ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിന്‍ എലികളിലും മുയലുകളിലും പരീക്ഷിച്ച് വിജയം കണ്ടെന്ന് ഐസിഎംആര്‍. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡിസിജിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഐസിഎംആര്‍ അറിയിച്ചു. എലികളിലും മുയലുകളിലും വാക്‌സിന്‍ പരീക്ഷണം വിജയകരമായിരുന്നു.
അനുമതി ലഭിച്ചാലുടന്‍ മനുഷ്യരില്‍ ആദ്യ ഘട്ട വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബലറാം ഭാര്‍ഗവ അറിയിച്ചു. കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമാണ്. തുടര്‍നടപടികള്‍ അവര്‍ വേഗത്തിലാക്കുകയാണ്. ചൈനയും വാക്‌സിന്‍ വികസിപ്പിക്കലും അതു സംബന്ധിച്ച പഠനങ്ങളും ത്വരിതഗതിയില്‍ നടത്തുകയാണ്.കോവിഡ് വായുവില്‍ കൂടി പകരാമെന്ന തരത്തിലുള്ള അനുമാനങ്ങളും അഭിപ്രായങ്ങളും പല ശാസ്ത്രജ്ഞരും മുമ്പോട്ട് വെക്കുന്നുണ്ട്. ഏറ്റവും പ്രധാനം ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുക എന്നതാണ് എന്നും ബലറാം ഭാര്‍ഗവ പറഞ്ഞു.
ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ 86 ശതമാനം കോവിഡ്‌രോഗികളും 10 സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Latest News