Sorry, you need to enable JavaScript to visit this website.
Friday , August   14, 2020
Friday , August   14, 2020

പൊന്നാനി നൽകുന്ന പാഠം

നാളുകൾ മുന്നോട്ടു പോകുന്തോറും കൊറോണ വൈറസ് അതിന്റെ വ്യാപനശേഷി വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. രോഗവ്യാപനം അഞ്ചുമാസം പിന്നിടുമ്പോഴും ആരോഗ്യപ്രവർത്തകർക്കിടയിൽ ആശയകുഴപ്പം വർധിക്കുന്നുവെന്നല്ലാതെ കോവിഡ് ശമിക്കുന്നില്ല. 
ആദ്യഘട്ടത്തിൽ സാമൂഹ്യവ്യാപനത്തിന്റെ വക്കോളമെത്തിയ കാസർകോട് ജില്ലയിൽ ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്. എന്നാൽ മലബാർ മേഖലയിൽ പുതിയ വൈറസ് ബാധിത മേഖലകൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. തീരദേശ പട്ടണമായ പൊന്നാനിയിൽ സ്ഥിതിഗതികൾ സ്‌ഫോടനാത്്മകമാണെന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
പൊന്നാനിയിൽ ഏറെകുറെ സാമൂഹ്യവ്യാപനം നടന്നുവെന്നു തന്നെ പറയേണ്ടി വരും. മലപ്പുറം ജില്ലയിൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ പകുതിയോളം പൊന്നാനി താലൂക്കിലാണ് കണ്ടെത്തുന്നത്. ഇതിലേറെയും സമ്പർക്കത്തിലൂടെയുള്ളതുമാണ്. 
ഉറവിടമറിയാത്ത കേസുകളും ഏറെയുണ്ട്. അനുദിനം പോസിറ്റീവ് കേസുകളുടെ എണ്ണം വർധിച്ചതോടെ ട്രിപ്പിൾ ലോക്ഡൗണും നിരോധനാജ്ഞയുമടക്കമുള്ള ആയുധങ്ങളുപയോഗിച്ച് രോഗത്തെ നിയന്ത്രണരേഖക്കുള്ളിലാക്കാനാണ് അധികൃതർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
പൊന്നാനിയിൽ നിന്ന് രോഗം മലപ്പുറം ജില്ലയുടെ ഇതരഭാഗങ്ങളിലേക്കും പാലക്കാട്,തൃശൂർ ജില്ലകളിലേക്കും വ്യാപിക്കാൻ എളുപ്പമാണ്. പൊന്നാനി ഹാർബറിൽ നിന്നാണ് സമീപജില്ലകളിലേക്കെല്ലാം മൽസ്യം കൊണ്ടുപോകുന്നത്. മൊത്തവിതരണക്കാർ മുതൽ വീടുകളിൽ വിൽപ്പന നടത്തുന്നവർ വരെ മൽസ്യവിപണിയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പേരാണ് പ്രവർത്തിക്കുന്നത്. ഇവരെല്ലാം, അവരറിയാതെ തന്നെ വൈറസ് വാഹകരായി മാറാനുള്ള സാധ്യത ഏറെയാണ്.
പൊന്നാനിയിലെ കോവിഡ് വ്യാപനം, തിരുവനന്തപുരത്തെ പൂന്തുറയിലേതു പോലെ ഗൗരവമായി എടുക്കേണ്ട കാര്യമാണ്. ജനങ്ങളുടെ ജാഗ്രതക്കുറവാണ് പൊന്നാനിയിൽ ഒന്നാം പ്രതി. രോഗവ്യാപനത്തിന്റെ തോത് വ്യക്തമായി മനസിലാക്കുന്നതിൽ പ്രാദേശിക ഭരണസമിതികൾ മുതൽ സംസ്ഥാന സർക്കാർ വരെ വൈകിപ്പോകുകയും ചെയ്തു. പൊന്നാനി മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരും കോവിഡ് സെന്ററുകളിൽ ജോലി ചെയ്യുന്നവരും ആരോഗ്യപ്രവർത്തകരും വരെ കോവിഡ് ബാധിതരായി എന്നത് ഗൗരവത്തോടെ കാണണം. 
പൊന്നാനിക്കടുത്തുള്ള എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽനിന്നാണ് വൈറസ് അതിവ്യാപനത്തിന്റെ തുടക്കമുണ്ടായത്. ആശുപത്രിയിലെ പ്രധാനഡോക്ടർമാർ വൈറസ് ബാധിതരായതോടെ രണ്ടാഴ്ചക്കാലം അവർ പരിശോധിച്ച 20000 ലേറെ വരുന്ന രോഗികളും രോഗഭീതിയുടെ വലയത്തിലായി. അവരുടെ കുടുംബാംഗങ്ങൾ വേറെയും. 
എടപ്പാൾ ഹോസ്പിറ്റൽ സംഭവത്തിന് ശേഷം പൊന്നാനി താലൂക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വേണ്ടത്ര മുന്നൊരുക്കമില്ലാതായത് പ്രശ്്‌നങ്ങൾ സങ്കീർണമാക്കി. ജനങ്ങൾ വീടുകൾക്ക് പുറത്തിറങ്ങാതിരിക്കാൻ പോലീസ് എടുത്ത നടപടികളോട് ആളുകൾ സഹകരിച്ചില്ലെന്ന് മാത്രമല്ല, പരസ്യമായ എതിർപ്പുകളുമുണ്ടായി. റോഡുകൾ പോലീസ് മണ്ണിട്ട് അടച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കി. 
പൊന്നാനിയിലെ എം.എൽ.എയായ സംസ്ഥാന നിയമസഭാ സ്പീക്കർ വരെ പോലീസ് നടപടിയെ വിമർശിച്ചു. എന്നാൽ പോലീസിന് ജനങ്ങളെ നിയന്ത്രിക്കാൻ മറ്റുവഴികളില്ലായിരുന്നുവെന്നതാണ് യാഥാർഥ്യം. പൊന്നാനി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരെല്ലാം കോവിഡ് സംശയത്തിന്റെ പേരിൽ ക്വാറന്റൈനിലാണ്. 
വലിയൊരു പ്രദേശത്തെ ജനങ്ങളെ നിയന്ത്രിക്കാൻ പോലീസുകാരില്ലാതെ വരുമ്പോൾ റോഡ് അടക്കുകയല്ലാതെ പോലീസിന് മറ്റു വഴികളുണ്ടായിരുന്നില്ല. മനുഷ്യാവകാശവും രാഷ്ട്രീയവിമർശനങ്ങളും പരിഗണനക്ക് വരുമ്പോൾ നമ്മൾ കൊറോണയുടെ ഭീഷണിയെ സൗകര്യപൂർവ്വം മറക്കുന്നുവെന്നാണ് മഹാമാരിയുടെ കാലത്തെ ശുഭകരമല്ലാത്ത പാഠം.
കേരളത്തിലേക്ക് കൊറോണയുമായി വരുന്നവരാണ് പ്രവാസികൾ എന്ന് വിമർശനമുയർത്തിയവരാണ് മലയാളികൾ. എന്നാൽ ഓരോ പ്രവാസിയുടെയും നാട്ടിലേക്കുള്ള വരവ് സുരക്ഷിതമായിരുന്നവെന്ന് നാം നേരിട്ട് കണ്ടതാണ്. 
അവർ എയർപോർട്ടിൽ നിന്ന് നേരെ ക്വാറന്റൈൻ സെന്ററുകളിലേക്ക് പോകുകയും നിരീക്ഷണ കാലാവധി കഴിഞ്ഞ് മാത്രം വീടുകളിലേക്ക് പോകുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ ഒരു സാധ്യതതയും അവർ നൽകിയിട്ടില്ല. മാത്രമല്ല, സർക്കാർ നിർദേശങ്ങളും നിയമങ്ങളും അണുവിട തെറ്റാതെ പാലിക്കുകയും ചെയ്തവരാണ് വിദേശത്തു നിന്നെത്തിയവർ. 
എന്നാൽ നാട്ടിലുള്ളവർ ഇപ്പോഴും കോവിഡ് പ്രതിരോധത്തിന് പുല്ലുവിലയാണ് നൽകുന്നത്. മാസ്‌ക് ധരിക്കുന്നത് ആർക്കോ വേണ്ടി ചെയ്യുന്ന ചടങ്ങ് മാത്രമായി. സാമൂഹിക അകലം എന്നത് അരുടെയും പരിഗണനയിൽ വരുന്നില്ല. അങ്ങാടികളിൽ അനാവശ്യമായ തിരക്കാണ്. 
ഒരാവശ്യവുമില്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെയും പകൽ മുഴുവൻ കവലകളിൽ കൂട്ടം കൂടി നിൽക്കുന്നവരെയും എവിടെയും കാണാം. കൊറോണയെ വെല്ലുവിളിച്ചു കൊണ്ടുള്ള ജീവിതമാണ് ഇന്നത്തെ മലയാളിയുടെ മുഖമുദ്ര.
പൊന്നാനിയിലെ കോവിഡ്‌വ്യാപനം ആ പ്രദേശത്തെ മാത്രം ജനങ്ങളുടെ ദുരിതമായി കാണുന്നത് മണ്ടത്തരമാണ്. അവിടെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുന്നതിനൊപ്പം മറ്റു പ്രദേശങ്ങൾ ജാഗ്രത കണിശമായി തുടരേണ്ടതുണ്ട്. 
കൊറോണ വൈറസിന്റെ വ്യാപനവേഗതയും അദൃശ്യസ്വഭാവവും നാം മനസ്സിലാക്കിയതിനേക്കാൾ വേഗത്തിലാണ്. വായുവിലൂടെ വരെ വൈറസ് പടരാമെന്ന് പുതിയ പഠനം പറയുന്നു. അത് ശരിയാണെങ്കിൽ ഇതുവരെയുള്ള ജാഗ്രതയൊന്നും മതിയാകില്ല. സാമൂഹിക അകലത്തേക്കാൾ പ്രധാനം വീട്ടിൽനിന്ന് പുറത്തിറങ്ങാതെയിരിക്കലാണ്. 
ജോലിക്ക് പോകാൻ നിർബന്ധിതരാകുന്നവർ വീട് വിട്ടാൽ ജോലിസ്ഥലം എന്ന രീതിയിലേക്ക് ജീവിതത്തെ മാറ്റേണ്ടതുണ്ട്. അനാവശ്യമായ യാത്രകൾ, ഒരിടത്തു തന്നെ കൂടുതൽ സമയം ചെലവിടൽ എന്നിവ രോഗഭീഷണി വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ജാഗ്രത കൈവിട്ടാൽ വീണ്ടുമൊരു ലോക്ഡൗണിലേക്ക് കേരളം മുഴുവൻ നീങ്ങേണ്ടി വരുമെന്ന സൂചനകളാണ് പൊന്നാനി നൽകുന്നത്. കോവിഡ് പ്രതിരോധത്തിന് ആദ്യം മാതൃകയാകേണ്ടത് രാഷ്ട്രീയ നേതാക്കളാണ്. കൊറോണക്കൊപ്പം ജീവിക്കുകയെന്നാൽ കൊറോണയെ വെല്ലുവിളിച്ച് ജീവിക്കുകയെന്നല്ല അർഥം. വെല്ലുവിളി സ്വീകരിക്കാൻ കൊറോണ തയ്യാറായി നിൽക്കുമ്പോൾ കേരളം വലിയൊരു പൊന്നാനിയോ പൂന്തുറയോ ആയിമാറാൻ ഏറെ നാളുകളൊന്നും വേണ്ടിവരില്ല.
 

Latest News