Sorry, you need to enable JavaScript to visit this website.

വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുക്കൽ:  വിദഗ്ധ സമിതി പഠനം തുടങ്ങി

വിദഗ്ധ സമിതിയംഗങ്ങളെ ഡി.എം വിംസിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.

കൽപറ്റ- മൂപ്പൈനാട് പഞ്ചായത്തിലെ താഴെ അരപ്പറ്റ നസീറ നഗറിൽ ഡി.എം.എജ്യുക്കേഷൻ ആന്റ് റിസർച്ച് ഫൗണ്ടേഷനു കീഴിലുള്ള മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പഠനം തുടങ്ങി. സമിതി അംഗങ്ങളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. പ്രൊഫ. വിശ്വനാഥൻ, അസിസ്റ്റന്റ് പ്രൊഫ. ഡോ. സി. രവീന്ദ്രൻ, അസോസിയേറ്റ് പ്രൊഫ. ഡോ. കൃഷ്ണകുമാർ, ഡോ. ബാബുരാജ്, ഡോ. കെ. സജീഷ് എന്നിവർ ഇന്നലെ ഉച്ചകഴിഞ്ഞു ഡി.എം. വിംസിലെത്തി പ്രാഥമിക പഠനം നടത്തി. എൻജിനീയറിംഗ്, അടിസ്ഥാന സൗകര്യം, സാമ്പത്തികം എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ കൂടെ ഉണ്ടായിരുന്നു. സി.കെ. ശശീന്ദ്രൻ എം.എൽ.എ, എൻ.എച്ച്.എം ഡി.പി.എം ഡോ. ബി. അഭിലാഷ്, ഡി.എം. വിംസിലെ ഡോ. ഗോപകുമാരൻ കർത്ത, യു. ബഷീർ, ഡോ. മനോജ് നാരായണൻ, ഡോ. അനന്തനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ സമതിയംഗങ്ങളെ സ്വീകരിച്ചു. സമിതിയിലെ മറ്റംഗങ്ങൾ ഇന്നെത്തും. ഇന്നും നാളെയുമായി പഠനം പൂർത്തിയാക്കുന്ന സമിതി ഈ മാസം അവസാനത്തോടെ സർക്കാരിനു റിപ്പോർട്ട് നൽകും. റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച ശേഷമായിരിക്കും മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നതിൽ സർക്കാർ തീരുമാനം. 


മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും കൈമാറുന്നതിനുള്ള സന്നദ്ധത ഡി.എം.എജ്യുക്കേഷൻ ആന്റ് റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ആസാദ് മൂപ്പൻ സർക്കാരിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്ഥാപനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിനു ജൂലൈ രണ്ടിനു വിദഗ്ധ സമിതി രൂപീകരിച്ചു സർക്കാർ ഉത്തരവായത്. നഴ്‌സിംഗ് കോളേജ്, ഫാർമസി കോളേജ്, ആസ്റ്റർ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയും നസീറ നഗറിൽ പ്രവർത്തിക്കുന്നുണ്ട്. 

 

 

Latest News