ന്യൂദൽഹി- ഗാന്ധി വധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന അഭിനവ് ഭാരത് പ്രവർത്തകൻ ഡോ. പങ്ക്ജ് ഫഡ്‌നിസ് സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി നടപടി. തീവ്രഹിന്ദു സംഘടനയാണ് അഭിനവ് ഭാരത്. റിട്ടയേർഡ് മേജർ രമേശ് ഉപാധ്യായയും കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതുമാണ് ഈ സംഘടന സ്ഥാപിച്ചത്. മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് ഈ സംഘടനയെ ഭീകര വിരുദ്ധ സ്‌ക്വാഡ് നോട്ടമിട്ടത്.
ഗാന്ധി വധത്തിൽ ചില സംശയങ്ങളുണ്ടെന്നും പുനരന്വേഷണം വേണമെന്നുമാണ് അഭിനവ് ഭാരതിന്റെ ആവശ്യം. നിരവധി പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന സംഭവമായതിനാൽ ഇക്കാര്യത്തിൽ നിയമത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. എങ്കിലും മുൻ സോളിസിറ്റർ ജനറൽ അമരേന്ദർ ശരണിനെ അമികസ് ക്യൂറിയായി നിയോഗിച്ചു. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.