തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിച്ചതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് പങ്കുണ്ടോ എന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. അതിനായി ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
സ്വപ്നയെ ഐ.ടി വകുപ്പിന് കീഴില്‍ നിയമിച്ചതിന് പിന്നിലെ സാഹചര്യം എന്താണ്, അതിലെ ശരി തെറ്റ് എന്താണ് എന്ന് സര്‍ക്കാര്‍ അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി നിയമനത്തില്‍ വീഴ്ചകളുണ്ടോ എന്ന് അറിയട്ടേ. അല്ലാതെ ഓരോരുത്തരുടെയും സങ്കല്‍പ്പത്തിന്റെ പേരില്‍ നടപടിയെടുക്കാനാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നിന്നിരുന്ന ശിവശങ്കര്‍, വിവാദ വനിതയുമായി ബന്ധപ്പെട്ടു എന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.






